പുതുപ്പള്ളി: സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ സംസ്കാര ശുശ്രൂഷകൾക്കായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. സംസ്കാര ചടങ്ങിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കെടുക്കുന്നതും അനിയന്ത്രിത ജനബാഹുല്യവും കണക്കിലെടുത്തു കർശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
എസ്പി വി.യു.കുര്യാക്കോസ്, ഡിവൈഎസ്പി എസ്.ബി.വിജയൻ, ആർടിഒ വിനോദ് രാജ്, ഇടവക വികാരി എന്നിവരുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾക്കായുള്ള നിർദേശങ്ങൾ നൽകി. പള്ളിയുടെ ഇടതുവശത്തു ചേർന്നുള്ള ഹാളിൽ പ്രത്യേകം തയാറാക്കിയ സ്റ്റേജ്, അതിനു മുൻപിലായി മൃതദേഹം വയ്ക്കാനുള്ള സ്ഥലം എന്നിങ്ങനെയാണു ക്രമീകരിച്ചിരിക്കുന്നത്. ജനങ്ങളുടെ വരവ് നിയന്ത്രിക്കാൻ പള്ളിയുടെ പ്രധാന നടയ്ക്ക് ഇരുവശവുമുള്ള പാത ബാരിക്കേഡുകൾ ഉപയോഗിച്ച് രണ്ടായി തിരിച്ച് രണ്ടുപേർക്കു കടന്നു പോകാവുന്ന രീതിയിലാക്കി.
അന്തിമോപചാരമർപ്പിക്കാൻ എത്തുന്ന ജനങ്ങൾ കൂട്ടംകൂടി നിൽക്കാതെ കണ്ട്, വശങ്ങളിലേക്കു മാറുന്ന തരത്തിലാണു ക്രമീകരണങ്ങൾ. പള്ളിയുടെ സെമിത്തേരിക്കു മുൻപിലായി വൈദികരുടെ മൃതദേഹങ്ങൾ അടക്കം ചെയ്യുന്ന സ്ഥലത്ത് കല്ലറയുടെ നിർമാണ പ്രവർത്തനവും അവസാനഘട്ടത്തിലാണ്. പുതുപ്പള്ളിയിൽ വ്യാഴാഴ്ച ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തി.