ബെംഗളൂരു: കർണാടകത്തിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2000 രൂപവീതം ലഭിക്കുന്ന ‘ഗൃഹലക്ഷ്മി’ പദ്ധതി വിധാൻസൗധയിൽനടന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, വനിത-ശിശു ക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ എന്നിവർ പങ്കെടുത്തു. വനിതകൾക്കായി ലോകത്തെ ഏറ്റവും വലിയ ക്ഷേമപദ്ധതിയാണിതെന്ന് കോൺഗ്രസ് അവകാശപ്പെട്ടു. സംസ്ഥാനത്തെ 1.35 കോടി വനിതകൾക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. കോൺഗ്രസിന്റെ അഞ്ച് തിരഞ്ഞെടുപ്പുവാഗ്ദാനങ്ങളിലൊന്നാണ് ‘ഗൃഹലക്ഷ്മി’ പദ്ധതി.
പദ്ധതിക്കുള്ള രജിസ്‌ട്രേഷൻ ബുധനാഴ്ച ആരംഭിച്ചു. ഓഗസ്റ്റ് 15-നും 20-നും ഇടയിൽ പണം വീട്ടമ്മമാരുടെ ബാങ്ക് അക്കൗണ്ടിൽ ലഭിക്കുമെന്ന് സർക്കാർ അറിയിച്ചു. റേഷൻ കാർഡിൽ ഗൃഹനാഥയായിട്ടുള്ള സ്ത്രീകൾക്കാണ് ആനുകൂല്യം. എന്നാൽ, ആദായനികുതി നൽകുന്ന സ്ത്രീകൾക്ക് ലഭിക്കില്ല. ഭർത്താവ് ആദായനികുതി അടയ്ക്കുന്നുണ്ടെങ്കിലും പണം ലഭിക്കില്ല. ക്ഷേമപദ്ധതികൾ നടപ്പാക്കി കർണാടകത്തിൽ കോൺഗ്രസ് സർക്കാർ കാട്ടിത്തരുന്ന പാത സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇനിയും സമയമുണ്ടെന്ന് കർണാടകത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല പറഞ്ഞു.
പദ്ധതിക്ക് യോഗ്യരായവർക്ക് രജിസ്‌ട്രേഷൻ ചെയ്യാനുള്ള സ്ഥലവും തീയതിയും സമയവും രജിസ്‌ട്രേഡ് മൊബൈൽ നമ്പറിലേക്ക് ലഭിക്കുമെന്ന് സർക്കാർ അറിയിച്ചു. രജിസ്‌ട്രേഷനുവേണ്ടി ആധാർ കാർഡ്, ഭർത്താവിന്റെ ആധാർകാർഡ്, മൊബൈൽ നമ്പർ എന്നിവ ആവശ്യമാണ്.