കോട്ടയം: ഉമ്മൻ ചാണ്ടിയ്‌ക്ക് വിട നൽകി ജന്മനാട്. കരോട്ട് വള്ളക്കാലിൽ വീട്ടിലേക്കാണ് കുഞ്ഞൂഞ്ഞ് അവസാനമായി എത്തിയത്. പുതുതായി പണിത വീട്ടിലാണ് പൊതുദർശനം. ജനസാഗരങ്ങളെ സാക്ഷിയാക്കിയാണ് ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലെ വീട്ടിലെത്തിയത്. മുദ്രാവാക്യം വിളികളോടെ കണ്ണീരിൽ കുതിർന്നാണ് അദ്ദേഹത്തെ ജനങ്ങൾ സ്വീകരിച്ചത്.
കാരോട്ട് വള്ളക്കാലിൽ അന്ത്യശുശ്രൂഷകൾ ആരംഭിച്ച് കഴിഞ്ഞു. തുടർന്ന് പുതുപ്പള്ളി കവലയിൽ പുതുതായി നിർമ്മിക്കുന്ന വീട്ടിൽ പൊതുദർശനമുണ്ടാകും. കാതോലിക ബാവയുടെ മുഖ്യകാർമികത്വത്തിലാകും സംസ്‌കാര ചടങ്ങുകൾ നടക്കുക. 20 ബിഷപ്പും ആയിരം വൈദികരും ചടങ്ങിൽ പങ്കാളികളാകും.
ഇന്നലെ രാവിലെ ഏഴ് മണിയ്‌ക്ക് തിരുവനന്തപിുരം ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്ന് ആരംഭിച്ച യാത്ര 28 മണിക്കൂർ പിന്നിട്ടാണ് പുതുപ്പള്ളിയിലെത്തിയത്. വിലാപയാത്രയിലുടനീളം വിങ്ങി പൊട്ടുന്ന മനുഷ്യരെയാണ് കണ്ടത്. പ്രിയപ്പെട്ട ജനനായകനെ ഒരുനോക്ക് കാണാൻ ജനസാഗരമാണ് വഴിയിലുടനീളം തടിച്ചുകൂടിയത്. ഇനി പാർട്ടി പ്രവർത്തകരുടെ ഒസിയ്‌ക്ക്, പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞിന് അന്ത്യവിശ്രമം.