ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി അടുത്തിടെ ബിജെപിയിൽ ചേർന്ന അനിൽ ആന്റണി. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകനായ അനിൽ, പാർലമെന്റിൽ എത്തിയാണ് പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. അനിൽ ആന്റണി പാർട്ടി പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകുമെന്നാണ് വിവരം. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായതായാണ് വിവരം.
നേരത്തെ, ബിജെപിയിൽ ചേർന്നതിനു പിന്നാലെ ഏപ്രിൽ 25ന് കൊച്ചിയിൽ യുവാക്കളുടെ വിശാല സമ്മേളനമായ ‘യുവം’ വേദിയിൽ നരേന്ദ്ര മോദിക്കൊപ്പം അനിൽ ആന്റണിയും പങ്കെടുത്തിരുന്നു. അതേസമയം, ബിജെപിയിൽ ചേർന്നശേഷം അനിൽ ആന്റണി പ്രധാനമന്ത്രി മോദിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത് ഇതാദ്യമാണ്.
ഇക്കഴിഞ്ഞ ഏപ്രിലിലാണ് അനിൽ ആന്റണി ബിജെപിയിൽ ചേർന്നത്. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി പീയുഷ് ഗോയലില്‍നിന്നാണ് അനില്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി വി.മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും ഒപ്പമുണ്ടായിരുന്നു. പിന്നീട് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയെയും നേരിൽ കണ്ടിരുന്നു.കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും എഐസിസി സോഷ്യൽ മീഡിയ കോഓർഡിനേറ്റുമായിരുന്നു അനിൽ ആന്റണി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിക്കെതിരെ പ്രതികരിച്ചതോടെ കോൺഗ്രസുമായി തെറ്റുകയായിരുന്നു. തുടർന്ന് പദവികളെല്ലാം രാജിവച്ചാണ് ബിജെപിയിൽ ചേർന്നത്.