കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം പുതുപ്പളളിയിലെ പണി തീരാത്ത വീട്ടിൽ നിന്ന് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പളളിയിലെത്തിച്ചു. സംസ്‌കാര ശുശ്രൂഷയുടെ രണ്ടാം ഭാഗം പുതിയ വീട്ടില്‍ നടത്തിയതിന് ശേഷമാണ് പളളിയിലെത്തിച്ചത്. ഇവിടെയും പൊതുദർശനമുണ്ടായിരിക്കും. മുതിർന്ന നേതാവിനെ ഒരു നോക്ക് കാണാനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പളളിയിൽ എത്തിയിട്ടുണ്ട്.
പള്ളിയിലും ഉമ്മൻചാണ്ടിയെ കാണാനായി എത്തിയവരുടെ വലിയ തിരക്കാണുളളത്. സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലെ പ്രത്യേക കല്ലറയിലാണ് സംസ്‌കാര ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ സംസ്‌കാര ചങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും.
ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരത്തിന് ഔദ്യോഗിക ബഹുമതി ഉണ്ടാകില്ല. സംസ്‌കാര ചടങ്ങുകള്‍ക്ക് ഔദ്യോഗിക ബഹുമതി ആവശ്യമില്ലെന്ന നിലപാട് കുടുംബം സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ആഗ്രഹം അതായിരുന്നു എന്നും കുടുംബം പറഞ്ഞിരുന്നു.