ഇംഫാൽ: മണിപ്പൂരിൽ രണ്ട് സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും നഗ്നരാക്കി പൊതുനിരത്തിലൂടെ നടത്തുകയും ചെയ്ത സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. മുഖ്യമന്ത്രി ബീരേൻ സിംഗാണ് ഇക്കാര്യം അറിയിച്ചത്. മറ്റ് രണ്ട് പേർ കൂടി പിടിയിലായതായി പൊലീസും അറിയിച്ചു. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം നാല് ആയി.
സംഭവത്തിൽ മുഖ്യപ്രതി ഹിരാദാസ് (32) തൗബലിൽ നിന്ന് രാവിലെ പിടിയിലായിരുന്നു. വൈറലായ വീഡിയോയുടെ സഹായത്തോടെ പ്രതിയെ അറസ്റ്റ് ചെയ്തു എന്നാണ് മണിപ്പൂർ പൊലീസ് അറിയിച്ചത്. രണ്ടര മാസം മുൻപ് നടന്ന സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ അക്രമികളെ പിടികൂടാൻ പൊലീസ് ഏഴ് സംഘങ്ങളെ നിയോഗിച്ചിരുന്നു. വീഡിയോയിൽ സ്ത്രീയെ വലിച്ചിഴച്ചുകൊണ്ടു പോകുന്ന പച്ച ടീഷർട്ടിട്ട ആളാണ് ഹിരാദാസ് എന്നും പൊലീസ് പറഞ്ഞു.
അതിക്രമ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിച്ചതോടെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ വിമർശനവുമായി രംഗത്ത് വന്നിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ കമ്പനികൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി. സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കാനും കോടതി കേന്ദ്ര സര്‍ക്കാരിനും മണിപ്പൂര്‍ സര്‍ക്കാരിനും നിർദേശം നൽകി.
അതേസമയം സംഭവസമയം മണിപ്പൂർ പൊലീസ് സ്ഥലത്ത് ഉണ്ടായിരുന്നുവെന്നും അവർ തങ്ങളെ സഹായിച്ചില്ലെന്നും അതിജീവിതമാർ പറഞ്ഞതായി ദി വയർ റിപ്പോർട്ട് ചെയ്തു. നാല് പൊലീസ് ഉദ്യോഗസ്ഥർ കാറിൽ ഇരിക്കുന്നത് താൻ കണ്ടുവെന്നും എന്നാൽ അവർ തങ്ങളെ സഹായിച്ചില്ലെന്നും അതിജീവിതമാരിലെ രണ്ടാമത്തെ സ്ത്രീ പറഞ്ഞു. കലാപത്തിൽ ഈ സ്ത്രീയുടെ പിതാവും സഹോദരനും കൊല്ലപ്പെട്ടിരുന്നു.



