അബുദാബി: ഹിജ്‌റ പുതുവര്‍ഷാരംഭം പ്രമാണിച്ച് അബുദാബിയില്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. അബുദാബി മുന്‍സിപ്പാലിറ്റി വകുപ്പിന്റെ ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ ആണ് സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചത്.
ജൂലൈ 21 വെള്ളിയാഴ്ച എമിറേറ്റില്‍ പാര്‍ക്കിങ് ഫീസും ടോള്‍ നിരക്കും ഈടാക്കില്ലെന്നാണ് അറിയിപ്പ്. ഇന്ന് മുതല്‍ ശനിയാഴ്ച രാവിലെ 7.59 വരെയാണ് സൗജന്യ പാര്‍ക്കിങ് ആനുകൂല്യം ലഭിക്കുക. അവധിക്കാലത്ത് ട്രക്ക് പാര്‍ക്കിങും സൗജന്യമാണ്. എന്നാല്‍ ട്രക്കുകള്‍ നിശ്ചിത പാര്‍ക്കിങ് ഏരിയകളില്‍ കൃത്യമായി പാര്‍ക്ക് ചെയ്യണം. രാത്രി 9 മണി മുതല്‍ രാവിലെ എട്ട് വരെ റെസിഡന്‍ഷ്യല്‍ പാര്‍ക്കിങ് സ്ഥലങ്ങളില്‍ പാര്‍ക്കിങ് ഒഴിവാക്കണം. ദര്‍ബ് ഗോള്‍ ഗേറ്റ് സംവിധാനവും വെള്ളിയാഴ്ച സൗജന്യമായിരിക്കും.
ഹിജ്‌റ പുതുവര്‍ഷാരംഭത്തോട് അനുബന്ധിച്ച് ദുബൈയിലും സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചിരുന്നു. ജൂലൈ 21 വെള്ളിയാഴ്ച ദുബൈയില്‍ പാര്‍ക്കിങ് സൗജന്യമാണെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പ്രഖ്യാപിച്ചു. പെയ്ഡ് പാര്‍ക്കിങ് സോണുകളില്‍ പാര്‍ക്കിങ് ഫീസ് ഈടാക്കില്ല. എന്നാല്‍ മള്‍ട്ടി ലെവല്‍ ടെര്‍മിനലുകളില്‍ ഈ ആനുകൂല്യം ബാധകമല്ല.
എമിറേറ്റ്സിലെ പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ഹിജ്‌റ പുതുവര്‍ഷാരംഭത്തോട് അനുബന്ധിച്ച് മൂന്ന് ദിവസത്തെ അവധിയാണ് ആകെ ലഭിക്കുക. കസ്റ്റമര്‍ ഹാപ്പിനസ് സെന്റര്‍, പെയ്ഡ് പാര്‍ക്കിങ് സോണുകള്‍, ബസുകള്‍, മെട്രോ, ട്രാം, ജലഗതാഗതം, സര്‍വീസ് പ്രൊവൈഡര്‍ സെന്റര്‍ എന്നിവയുടെ സമയക്രമത്തില്‍ മാറ്റമുള്ളതായും ആര്‍ടിഎ അറിയിച്ചിട്ടുണ്ട്. സര്‍വീസ് പ്രൊവൈഡര്‍ സെന്റര്‍, കസ്റ്റമര്‍ ഹാപ്പിനസ് സെന്റര്‍ എന്നിവ ജൂലൈ 21ന് അടച്ചിടും. ജൂലൈ 22 ശനിയാഴ്ചയാവും ഇവ തുറന്നു പ്രവര്‍ത്തിക്കുകയെന്ന് ആര്‍ടിഎ അറിയിച്ചു. ഉംറമൂല്‍, അല്‍ കഫാഫ്, ദേയ്‌റ, അല്‍ ബര്‍ഷ, ആര്‍ടിഎ ഹെഡ് ഓഫീസ് എന്നിവിടങ്ങളിലെ സ്മാര്‍ട്ട് കസ്റ്റമര്‍ ഹാപ്പിനസ് സെന്ററുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കും.