തൊണ്ടിമുതൽ കേസിൽ മന്ത്രി ആന്റണി രാജു സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരെ കേസിൽ പുനരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരായാണ് ആന്റണി രാജുവിന്റെ ഹർജി. കേസിന്റെ എല്ലാവശവും പരിശോധിക്കേണ്ടതുണ്ടെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ജസ്റ്റിസ് സി ടി രവികുമാർ വ്യക്തമാക്കിയിരുന്നു. ഹർജിയിൽ നോട്ടിസ് അയയ്ക്കണോ എന്നത് കോടതി തീരുമാനിക്കും.
33 വർഷത്തിനു ശേഷം പുനരന്വേഷണം നടത്തുന്നതിനെ കേസിലെ ഹർജിക്കാരാനായ മന്ത്രി ആന്റണി രാജു എതിർത്തിരുന്നു. പൊലീസ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഒരു വ്യക്തി നൽകിയ ഹർജിയും കോടതിക്ക് മുന്നിലുണ്ട്. 33 വർഷങ്ങൾ ഈ കേസുമായി മുന്നോട്ട് പോകേണ്ടി വന്നു. ഇത് മാനസിക വിഷമം ഉണ്ടാക്കുന്നതായും അതിനാൽ പൂർണ്ണമായി നടപടികൾ അവസാനിപ്പിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. അഭിഭാഷകൻ ദീപക് പ്രകാശ് മുഖേനയാണ് ആന്റണി രാജുവിന്റെ ഹർജി.
1990 ഏപ്രിൽ 4നാണ് കേസിനാസ്പദമായ സംഭവം. അന്നാണ് അടിവസ്ത്രത്തിൽ 61 ഗ്രാം ഹാഷിഷ് ഒളിപ്പിച്ച ഓസ്ട്രേലിയൻ സ്വദേശിയായ ആൻഡ്രൂ സാൽവദോർ സർവലി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലാകുന്നത്. 1990ൽ ആന്റണി രാജു തിരുവനന്തപുരം വഞ്ചിയൂർ ബാറിലെ ജൂനിയർ അഭിഭാഷകനായിരുന്നു. തന്റെ സീനിയർ സെലിൻ വിൽഫ്രഡുമായി ചേർന്ന് ആൻഡ്രുവിന്റെ വക്കാലത്ത് ആന്റണി രാജു എടുത്തു.
കേസിൽ വിദേശ പൗരനെതിരായ പ്രധാന തെളിവുകളിലൊന്ന് തൊണ്ടിമുതലായ അടിവസ്ത്രമായിരുന്നു. ഇത് കൈക്കലാക്കാൻ ആന്റണി രാജു സ്വന്തം കൈപ്പടയിൽ രേഖകളിൽ ഒപ്പിട്ട് നൽകിയിരുന്നു. തൊണ്ടി മുതലുകളെല്ലാം സൂക്ഷിക്കുന്ന തൊണ്ടി സെക്ഷൻ സ്റ്റോറിൽ നിന്ന് തൊണ്ടി സെക്ഷൻ ക്ലാർക്ക് കെ.എസ് ജോസിന്റെ സഹായത്തോടെ ആന്റണി രാജു അടിവസ്ത്രം കടത്തുകയായിരുന്നു. തുടർന്ന് അടിവസ്ത്രം വെട്ടിത്തയ്ച്ച് കൊച്ചുകുട്ടികളുടേത് പോലെയാക്കി അത് പ്രതിക്ക് ഇടാൻ പാകത്തിനല്ലാതെയാക്കിയെന്നാണ് പൊലീസ് കുറ്റപത്രത്തിൽ പറയുന്നത്. കൃത്രിമം നടത്തിയ ശേഷം തൊണ്ടി സെക്ഷനിൽ അടിവസ്ത്രം തിരികെ ഏൽപ്പിക്കുകയും ചെയ്തു.
ആന്റണി രാജു ഏറ്റെടുത്ത കേസ് തോറ്റുവെങ്കിലും വിദേശ പൗരൻ കുഞ്ഞിരാമ മേനോൻ എന്ന വക്കീലിന്റെ സഹായത്തോടെ ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. തുടർന്ന് നടത്തിയ വിസ്താരത്തിൽ കേസിലെ പ്രധാന തൊണ്ടി വസ്തുവായ അടിവസ്ത്രം പ്രതിയുടേതല്ലെന്ന് കോടതിക്ക് ബോധ്യമായി. മെറ്റീരിയൽ ഒബ്ജക്ട് എന്ന് രേഖപ്പെടുത്തിയ തൊണ്ടി വസ്തുവായ അടിവസ്ത്രം പ്രതിക്ക് ധരിക്കാൻ കഴിയില്ലെന്ന് പ്രതിയെ കൊണ്ട് ധരിപ്പിക്കാൻ ശ്രമിച്ച് ഹൈക്കോടി ഉറപ്പാക്കി. പിന്നാലെ വിദേശ പൊരനെ കോടതി വെറുതെ വിട്ടു. പിന്നാലെ ഓസ്ട്രേലിയക്കാരൻ ആൻഡ്രു രാജ്യം വിടുകയും ചെയ്തു.
ആന്റണി രാജുവിനെതിരെ ആരോപണം ഉയരുന്നത് ആ സമയത്താണ്. കേസിൽ കൃത്രിമം നടന്നുവെന്ന പരാതിയുമായി അന്വേഷണ ഉദ്യോഗസ്ഥൻ സിഐ കെ.കെ ജയമോഹൻ ഹൈക്കോടതി വിജിലൻസിന് മുന്നിലെത്തി. മൂന്ന് വർഷത്തെ അന്വേഷണത്തിനൊടുവിൽ വിജിലൻസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി വിഷയത്തിൽ പൊലീസിനോട് കേസെടുത്ത് അന്വേഷണം ആരംഭിക്കാൻ ഉത്തരവിട്ടു.
1994ൽ തുടങ്ങിയ കേസ് 2002 ൽ എത്തിയപ്പോൾ ആന്റണി രാജുവിനെതിരെ തെളിവില്ലെന്ന് കാണിച്ച് പൊലീസ് തന്നെ കേസ് അവസാനിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു. അന്ന് ആന്റണി രാജു എംഎൽഎ ആയിരുന്നു. എന്നാൽ 2005 ൽ കേസ് പുനരന്വേഷിക്കാൻ ഉത്തരമേഖലാ ഐജിയായിരുന്ന ടി.പി സെൻകുമാർ നിർദേശം നൽകി. തുടർന്ന് അസിസ്റ്റന്റ് കമ്മീഷ്ണർ വക്കം പ്രഭു നടപടി ആരംഭിച്ചു. ഈ അന്വേഷണത്തിലാണ് തൊണ്ടി സെക്ഷൻ ക്ലാർക്ക് കെ.എസ് ജോസ്, ആന്റണി രാജു എന്നിവരുടെ പേരുകൾ ആദ്യമായി കേസുമായി ബന്ധപ്പെട്ട് ഉയരുന്നത്. 2006 ഫെബ്രുവരി 13ന് ഇവരെ ഒന്നും, രണ്ടും പ്രതികളാക്കി പൊലീസ് കോടതിക്ക് റിപ്പോർട്ട് നൽകി. കോടതിയെ വഞ്ചിച്ചു, ഗൂഢാലോചന നടത്തി എന്നിവയടക്കം ഗുരുതരമായ ആറ് കുറ്റങ്ങൾ ചേർത്താണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്. തുടർന്ന് 2006 മാർച്ച് 23ന് വഞ്ചിയൂർ കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു.
ആൻഡ്രുവിന്റെ അടിവസ്ത്രം തൊണ്ടി സെക്ഷനിൽ നിന്ന് എടുക്കുമ്പോഴും അത് തിരികെ കൊണ്ടുവയ്ക്കുമ്പോഴും ആന്റണി രാജു തന്നെ എഴുതി ഒപ്പിട്ട രേഖയായിരുന്നു കേസിലെ പ്രധാന തെളിവ്.