തിരുവനന്തപുരം: വിവാദങ്ങൾക്കിടെ ലോക കേരളസഭക്ക് രണ്ടര കോടി അനുവദിച്ച് സർക്കാർ ഉത്തരവ്. മേഖലാസമ്മേളനം, യാത്ര, പരസ്യപ്രചാരണം എന്നിവയ്ക്കാണ് തുക അനുവദിച്ചത്. യുഎസ് മേഖലാ സമ്മേളനത്തിന്‍റെ ചെലവ് വിവരം പുറത്തുവിടാൻ മടിക്കുമ്പോഴാണ് വീണ്ടും പണം അനുവദിച്ചത്.
ബജറ്റ് പ്രഖ്യാപനമനുസരിച്ചാണ് വീണ്ടും തുക അനുവദിച്ചുള്ള ഉത്തരവ്. മേഖല സമ്മേളനത്തിന്‍റെ പബ്ളിസിറ്റി, യാത്ര, ഭക്ഷണം എന്നിവക്ക് 50 ലക്ഷം, ലോക കേരള സഭാ നിർദ്ദേശം നടപ്പാക്കാൻ വിദഗ്ധരെ കണ്ടുവരാനും പ്രചാരണത്തിനും ഒന്നരക്കോടി, വെബ് സൈറ്റ്, പരിപാലനും ഓഫീസ് ചെലവ് എന്നിവക്കും 50 ലക്ഷം എന്നിങ്ങനെയാണ് രണ്ടരക്കോടി അനുവദിച്ചത്. ഈ വർഷം രണ്ട് മേഖലാ സമ്മേളനങ്ങളായിരുന്നു പ്രഖ്യാപിച്ചത് അമേരിക്കൻ സമ്മേളനം കഴിഞ്ഞു. ഇനി ഒക്ടോബറിൽ സൗദി മേഖലാ സമ്മേളനമാണ്. ഒപ്പം കേരളത്തിലെ സമ്മേളനവും വരുന്നുണ്ട്. രണ്ടരക്കോടി രൂപ കേരളത്തിലെ സമ്മേളനത്തിനാണെന്നാണ് നോർക്ക വിശദീകരണം. സൗദി സമ്മേളനം സ്പോൺസർമാരെ ആശ്രയിച്ചായിരിക്കുമെന്നാണ് നിലപാട്.
യുഎസ് മേഖലാ സമ്മേളനത്തിൽ വൻതുകയുടെ സ്പോണസർഷിപ്പ് ഏർപ്പെടുത്തിയത് വൻ വിവാദമായിരുന്നു. അന്ന് എല്ലാ കണക്കും ഓഡിറ്റ് നടത്തുമെന്നും ഒന്നും ഒളിച്ചുവെക്കില്ലെന്നുമായിരുന്നു നോർക്കയുടെ വാദം. പക്ഷെ യുഎസിലെ വരവ് ചെലവ് കണക്ക് നോർക്ക റൂട്ട്സിനോ ലോക കേരള സഭാ സെക്രട്ടറിയേറ്റിനോ ലഭ്യമല്ലെന്നാണ് നോർക്ക വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടി. സ്പോണ്‍സർഷിപ്പ് പണം സർക്കാരിലേക്ക് വരാത്തത് കൊണ്ടാണിതെന്നാണ് വിശദീകരണം. ഒരു വശത്ത് നടത്തിപ്പിന് ഖജനാവിൽ നിന്നും പണം അനുവദിക്കുന്നു. മറുവശത്ത് പരിപാടിക്ക് സ്പോൺസർമാരിൽ നിന്നും പണം പിരിക്കുന്നു, അതിന് കണക്കുമില്ല. പ്രതിസന്ധികാലത്ത് ലോക കേരളസഭയുടെ മറവിൽ ധൂര്‍ത്ത് നടക്കുന്നതെന്ന ആക്ഷേപം ഉയരുമ്പോഴാണ് വീണ്ടും പണം അനുവദിക്കലും കണക്ക് മറക്കലും.