പത്തനംതിട്ട: മണിപ്പൂരിലെ ജനത അനുഭവിക്കുന്ന അത്യന്തം ദുസ്സഹമായ ജീവിത സാഹചര്യങ്ങളിൽ ഉൽക്കണ്ഠ രേഖപ്പെടുത്തി മാർത്തോമ്മാ സഭ. അവിടുത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സർക്കാർ സംരക്ഷണം നൽകണം. ആരാധനാലയങ്ങൾ നശിപ്പിക്കപ്പെടുന്നു. മണിപ്പൂരിലെ മനുഷ്യാവകാശ ധ്വംസനങ്ങൾ അവസാനിപ്പിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ അടിയന്തിരമായ ഇടപെടൽ ഉണ്ടാകണമെന്ന് മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ ആവശ്യപ്പെട്ടു. മാർത്തോമ്മാ സഭയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട തിരുവല്ല എസ്. സി. എസ് ജംഗ്ഷനിൽ നടത്തിയ മണിപ്പൂർ ഐക്യദാർഢ്യ പ്രാർത്ഥനയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
ഏക സിവിൽ കോഡ് വിഷയത്തിൽ എതിർപ്പ് പരസ്യമാക്കി മാർത്തോമാ സഭ. ഇന്ത്യയെ പോലെ ബഹുസ്വര സമൂഹത്തിൽ ഏക സിവിൽ കോഡ് അപ്രായോഗികമാണെന്ന് മാർത്തോമ മെത്രാപ്പൊലീത്ത. ഏകപക്ഷീയമായും നിർബന്ധപൂർവ്വവും നടപ്പാക്കരുത്. ഡോ തിയോഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലീത്തയുടേതാണ് പ്രതികരണം.
ഇന്ത്യയെപോലുളള ബഹുസ്വരാത്മക സമൂഹത്തിൽ ഏക സിവിൽ കോഡ് നടപ്പാക്കുന്നത് അപ്രായോഗികമാണ്. ഏകീകൃത സിവിൽകോഡ് പ്രത്യക്ഷത്തിൽ സ്വീകാര്യമായി തോന്നാം. എന്നാൽ ഇന്ത്യയെപ്പോലെ വൈവിദ്ധ്യങ്ങൾ നിറഞ്ഞ ഒരു ജനാധിപത്യ മതനിരപേക്ഷ രാജ്യത്ത് ഇതിനെ പിന്തുണയ്ക്കാനാവില്ല. ഭരണഘടനാ രൂപീകരണ സമയത്ത് യുസിസി – യെക്കുറിച്ച് ആലോചിച്ചെങ്കിലും, ഇക്കാര്യത്തിൽ സമവായത്തിലെത്താൻ കഴിഞ്ഞില്ല. അതിനാൽ ആർട്ടിക്കിൾ 44-ൽ യുസിസി വേണമെന്ന ആഗ്രഹം മാത്രമേ പരാമർശിച്ചിട്ടുള്ളൂ. സ്വാതന്ത്ര്യലബ്ധി മുതലുള്ള ആദ്യകാല ചർച്ചകളും ശ്രമങ്ങളും ഉണ്ടായിരുന്നിട്ടും യുസിസി ഒരിക്കലും യാഥാർത്ഥ്യമായില്ല എന്ന വസ്തുത ഇന്ത്യയിൽ വ്യക്തി നിയമങ്ങൾക്ക് പകരം വയ്ക്കുന്ന ഒരു ഏകീകൃത സിവിൽ നിയമം നടപ്പിലാക്കുന്നതിലെ സങ്കീർണ്ണതകളെ തുറന്നു കാട്ടുന്നു.