കോഴിക്കോട്: പാര്‍ട്ടിയില്‍ തന്നെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളെ വെല്ലുവിളിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. തന്നെ പുറത്താക്കാൻ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനുവെച്ച വെള്ളം വാങ്ങി വയ്ക്കണമെന്ന് ശോഭാ പ്രതികരിച്ചു. ഇത് തന്റെ കൂടി പാര്‍ട്ടിയാണ്. മുന്നോട്ടുള്ള വഴിയില്‍ ആരെങ്കിലും തടസ്സം സൃഷ്ടിച്ചാല്‍ അത് എടുത്തുമാറ്റി മുന്നോട്ടുപോകാന്‍ അറിയാമെന്നും അവർ പറഞ്ഞു. തനിക്ക് അവസരം നല്‍കുന്നതിനെ ചൊല്ലി ബിജെപിയുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ നടന്ന തര്‍ക്കത്തേക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രൻ.
മൈതാനത്ത് കളിക്കുന്ന കുട്ടികളെ ഉപയോഗിച്ച് തനിക്കെതിരെ പ്രചരണം നടത്തുന്നു എന്നാണ് വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തെക്കുറിച്ച് ശോഭാ സുരേന്ദ്രൻ പറഞ്ഞത്. ഇതിനോട് കൂടുതൽ പ്രതികരിക്കേണ്ട കാര്യമില്ല. ബിജെപിയിൽ ഉറച്ച് നിന്ന് പ്രവർത്തിക്കാനാണ് തീരുമാനം. പി കെ കൃഷ്ണദാസ് പാർട്ടിയിലെ മുതിർന്ന നേതാവാണ്. അദ്ദേഹത്തെ കാണുന്നത് സ്വാഭാവികമാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി സുധീറിന്റെ താക്കീതിന് മറുപടിയായി ശോഭ പറഞ്ഞത് ആരാണ് സുധീർ? എനിക്കറിയില്ല.ഞാൻ ഒന്നും കേട്ടിട്ടില്ല എന്നാണ്. നേതൃത്വത്തെ പരസ്യമായി അപമാനിക്കുന്ന ശോഭാ സുരേന്ദ്രനെ കോഴിക്കോട് നടക്കുന്ന പാര്‍ട്ടി പരിപാടിയില്‍ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് BJP KOZHIKODE DIST എന്ന വാട്‌സാപ്പ് ഗ്രൂപ്പിലാണ് തര്‍ക്കം നടന്നത്.