കൊൽക്കത്ത: മണിപ്പൂരിൽ സ്ത്രീകളെ നഗ്നരായി നടത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരകളാക്കിയ സംഭവത്തിലും ബിൽക്കീസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ചതിലും ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബി.ജെ.പിയുടെ ‘ബേഠി ബച്ചാവോ’ (പെൺകുട്ടികളെ രക്ഷിക്കൂ) മുദ്രാവാക്യം ‘ബേഠി ജലാവോ’ (പെൺകുട്ടികളെ കത്തിക്കൂ) ആയി മാറിയെന്ന് മമത ബാനർജി കുറ്റപ്പെടുത്തി.
കൊൽക്കത്തയിൽ തൃണമൂൽ കോൺഗ്രസിന്‍റെ രക്തസാക്ഷി ദിനത്തിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് മമത ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചത്. ലൈംഗികാതിക്രമ കേസില്‍ ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന് ജാമ്യം ലഭിച്ചതിലും അവർ ബി.ജെ.പിയെ കുറ്റപ്പെടുത്തി. ‘നിങ്ങൾ (ബി.ജെ.പി) ‘ബേഠി ബച്ചാവോ’ മുദ്രാവാക്യം വിളിച്ചു. നിങ്ങളുടെ മുദ്രാവാക്യം ഇപ്പോൾ എവിടെയാണ്? ഇന്ന് മണിപ്പൂർ കത്തുകയാണ്, രാജ്യം മുഴുവൻ കത്തുകയാണ്..നമ്മുടെ സ്ത്രീകളുടെ മാനം കളങ്കപ്പെടുകയാണ്, എന്നാൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ സ്ത്രീകൾ നിങ്ങളെ രാജ്യത്ത് നിന്ന് പുറത്താക്കും’ -മമത പറഞ്ഞു.
വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ ലൈംഗികാതിക്രമ കേസിലാണ് ബി.ജെ.പി എം.പി കൂടിയായ ബ്രിജ് ഭൂഷണ് വ്യാഴാഴ്ച ഡല്‍ഹി കോടതി സ്ഥിരം ജാമ്യം അനുവദിച്ചത്. ഗുസ്തി താരങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജൂണ്‍ 15നാണ് ബ്രിജ് ഭൂഷണിനെതിരെ ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ബിൽക്കീസ് ബാനു ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട 11 പ്രതികളെ കഴിഞ്ഞ വർഷം ഗുജറാത്തിലെ ബി.ജെ.പി സർക്കാർ വെറുതെ വിട്ടിരുന്നു