കോവിഡ് കാലത്ത് വാങ്ങിയ മെഡിക്കൽ ഉപകരണങ്ങളുടെ വാങ്ങലിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് വിജിലൻസ് അന്വേഷണത്തിന് ശിപാർശ ചെയ്ത് ആരോഗ്യമന്ത്രി

Global Indian Writer · October 26, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: കോവിഡ് കാലത്ത് വാങ്ങിയ മെഡിക്കൽ ഉപകരണങ്ങളുടെ വാങ്ങലിലും പ്രവർത്തനത്തിലും വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് വിജിലൻസ് അന്വേഷണത്തിന് ശിപാർശ ചെയ്ത് ആരോഗ്യമന്ത്രി കെ.മുരളീധരൻ. നിയമസഭയിൽ അബിൻ വർക്കി എംഎൽഎയുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി. ആരോഗ്യ വകുപ്പ് വാങ്ങിയ 222 ഫണ്ടസ് ക്യാമറയിൽ ഘടിപ്പിച്ച ഐ ഫോണുകൾ അടക്കം കാണാനില്ലന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കോവിഡ് കാലത്ത് സർക്കാർ വാങ്ങിക്കൂട്ടിയ കോടികളുടെ ആരോഗ്യ ഉപകരണങ്ങൾ ഇന്നും പെട്ടി പോലും പൊട്ടിക്കാതെ ഗോഡൗണുകളിൽ നശിച്ചുകിടക്കുകയാണെന്ന് അബിൻ വർക്കി എംഎൽഎ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ 215 ആശുപത്രികളിലായി 1252-ഓളം ഉപകരണങ്ങളാണ് ഇതുവരെ ഉപയോഗിക്കാതെ കിടക്കുന്നത്. ഇതിൽ 222 ഉപകരണങ്ങൾ പെട്ടി പോലും പൊട്ടിച്ചിട്ടില്ല. 5000 കോടി രൂപയിൽ അധികം മുടക്കി സാധനങ്ങൾ വാങ്ങിയതിൽ 1500 കോടി രൂപയുടെ ഉപകരണങ്ങളും ഉപയോഗശൂന്യമാണ്. നൂറുകണക്കിന് വെന്റിലേറ്ററുകളും മറ്റ് ജീവൻരക്ഷാ ഉപകരണങ്ങളും സാധാരണക്കാരിലേക്ക് എത്തിക്കാതെ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടുവെന്നും ഇതിന് പിന്നിലെ ക്രമക്കേടുകൾ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോവിഡ് കാലത്ത് വാങ്ങിയ മെഡിക്കൽ ഉപകരണങ്ങളുടെ ഗുണനിലവാരവും പ്രവർത്തനക്ഷമതയും പരിശോധിക്കുന്നതിനായി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷയായി പ്രത്യേക അന്വേഷണ സംഘത്തെ സർക്കാർ നിയോഗിച്ചിരുന്നു എന്ന് മന്ത്രി വ്യക്തമാക്കി. ഈ പരിശോധനയിൽ വ്യാപകമായ ക്രമക്കേടുകളും പൊതുപണം ദുരുപയോഗം ചെയ്തതായും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ, വിഷയം അന്വേഷിക്കുന്നതിനായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിലേക്ക് അന്വേഷണത്തിന് ശിപാർശ ചെയ്തതായും മന്ത്രി കെ.മുരളീധരൻ അറിയിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.