Monday, November 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമണിപ്പൂരിന് പിന്നാലെ ബംഗാളിലും രണ്ട് സ്ത്രീകളെ മർദിച്ച് അർദ്ധനഗ്നരാക്കി നടത്തി ആൾക്കൂട്ടം

മണിപ്പൂരിന് പിന്നാലെ ബംഗാളിലും രണ്ട് സ്ത്രീകളെ മർദിച്ച് അർദ്ധനഗ്നരാക്കി നടത്തി ആൾക്കൂട്ടം

പശ്ചിമബംഗാളിലെ മാല്‍ദ ജില്ലയില്‍ ഗോത്രവിഭാഗത്തില്‍ ഉള്‍പ്പെടുന്ന രണ്ട് സ്ത്രീകളെ ആൾക്കൂട്ടം അർദ്ധ നഗ്നരാക്കി നടത്തി. മേയ് നാലിന് മണിപ്പുരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി പീഡിപ്പിച്ച സംഭവം വലിയതോതില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നതിനിടെയാണ് പശ്ചിമബംഗാളില്‍ നിന്നുള്ള പുതിയ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വരുന്നത്. മാല്‍ദ ജില്ലയിലെ പകുവാഹാത് മേഖലയില്‍ ജൂലൈ 19-നാണ് സംഭവം നടന്നതെന്ന് ബിജെപിയുടെ ഐടി വകുപ്പിന്റെ മേധാവിയും പശ്ചിമബംഗാളിലെ പാര്‍ട്ടിയുടെ സഹചുമതലയുമുള്ള അമിത് മാളവ്യ പറഞ്ഞു. വീഡിയോ അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

പശ്ചിമബംഗാളിലെ പേടിപ്പെടുത്തുന്ന സംഭവങ്ങള്‍ തുടരുകയാണ്. രണ്ട് ഗോത്രവര്‍ഗത്തില്‍പ്പെട്ട സ്ത്രീകള്‍ നഗ്നരാക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും അവരെ നിഷ്‌കരുണം മര്‍ദിക്കുകയുമാണ് ചെയ്യുന്നത്. മാല്‍ദയിലെ ബമംഗോള പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ഈ കാഴ്ച കണ്ട് നിശബ്ദരായി നോക്കി നില്‍ക്കുകയായിരുന്നു ദൃശ്യങ്ങൾ വ്യക്തമാകാത്ത തരത്തിലുള്ള വീഡിയോ ട്വീറ്റ് ചെയ്ത് അമിത് മാളവ്യ പറഞ്ഞു. ഒരു കൂട്ടമാളുകള്‍ രണ്ട് സ്ത്രീകളെ ആക്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇവർ ക്രൂരമായ അതിക്രമത്തിന് ഇരയാകുന്നതും ഗുരുതരമായി പരിക്കേല്‍ക്കുന്നതും വീഡിയോയില്‍ കാണാം.

എന്നാല്‍, സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ലെന്ന് നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ബ്ലോഗ് റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍, ഇത്തരമൊരു അതിക്രമം ഉണ്ടാകാനിടയുള്ള സാഹചര്യത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മണിപ്പൂര്‍ സംഭവത്തില്‍ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനർജിയെ അമിത് പരിഹസിച്ചു. മണിപ്പുരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച് പീഡിപ്പിച്ച സംഭവത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരുന്നു. തുടര്‍ന്ന് എതിര്‍പാര്‍ട്ടിയില്‍പ്പെട്ട കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കെതിരേ നടക്കുന്ന സമാനമായ സംഭവങ്ങള്‍ ബിജെപി ഉയര്‍ത്തിക്കൊണ്ടുവരികയാണ്.

മാല്‍ദയിലെ സംഭവം മണിപ്പുരിലെ സംഭവവുമായി താരതമ്യപ്പെടുത്തരുതെന്ന് സിപിഐഎം നേതാവ് ബ്രിന്ദ കാരാട്ട് പറഞ്ഞു. സ്ത്രീകള്‍ക്കെതിരെ രാജ്യത്തെവിടെ നടക്കുന്ന സംഭവങ്ങളും അപലപനീയമാണെന്നും അവര്‍ പറഞ്ഞു. ഗോത്രവിഭാഗത്തില്‍പ്പെട്ട ഒരു പറ്റം സ്ത്രീകള്‍ ഗോത്രവിഭാഗത്തില്‍പ്പെട്ട രണ്ട് സ്ത്രീകളെ ഉപദ്രവിക്കുന്നത് അപലപനീയം തന്നെയാണ്. ഇത് പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ നിയമലംഘനത്തിന്റെ ഉദാഹരണം മാത്രമാണെന്നും അവര്‍ പറഞ്ഞു. മമതാ ബാനര്‍ജിക്കെതിരേ ആഞ്ഞടിച്ച അമിത് മാളവ്യ, കേസില്‍ മമതാ ബാനര്‍ജി ഒരു ഇടപെടലും നടത്തില്ലെന്നും ആരോപിച്ചു. ഈ ആക്രമസംഭവത്തിനെതിരേ ഏതെങ്കിലും തരത്തിലുള്ള അപലപിക്കലോ വേദനയോ അവര്‍ പങ്കുവെച്ചാല്‍ അത് അവരുടെ പരാജയം അംഗീകരിക്കലാണെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments