തിരുവനനന്തപുരം: ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ബാലതാരമായി (പെൺകുട്ടി) തിരഞ്ഞെടുക്കപ്പെട്ടത് തന്മയ സോളാണ്. തിരുവനന്തപുരം പട്ടം ഗവൺമെന്റ് എച്ച് എസ് എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് തന്മയ. അവാർഡ് വിവരം അറിഞ്ഞ ഉടൻ തന്നെ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി തന്മയയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു. സ്കൂളിലെത്തി നേരിട്ട് കാണാമെന്നും മന്ത്രി അറിയിച്ചിരുന്നു. ശനിയാഴ്ച രാവിലെ തന്നെ മന്ത്രി സ്കൂളിൽ എത്തി തന്മയയെ നേരിട്ട് കണ്ട് അഭിനന്ദനമറിയിച്ചു.പൊതുവിദ്യാഭ്യാസ മേഖലയുടെ അഭിമാനമാണ് തന്മയ എന്നും മന്ത്രി പറഞ്ഞു. തന്മയയെ ഷാളണിയിച്ച മന്ത്രി ഫലകവും സമ്മാനിച്ചു. സ്കൂളിലെ കൂട്ടുകാർ തന്മയയെ കരഘോഷങ്ങളോടെയാണ് വരവേറ്റത്. ഈ വര്‍ഷത്തെ ബാലതാരങ്ങള്‍ക്കുള്ള പുരസ്കാരം തന്മയ സോള്‍, മാസ്റ്റര്‍ ഡാവിഞ്ചി എന്നിവരാണ് സ്വന്തമാക്കിയത്. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രം ‘വഴക്കി’ലെ പ്രകടനമാണ് തന്മയ സോളിനെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. പല്ലൊട്ടി നയന്‍റീസ് കിഡ്സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഡാവിഞ്ചിക്ക് പുരസ്കാരം ലഭിച്ചത്.
154 ചിത്രങ്ങളാണ് 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾക്കായി ജൂറിക്ക് മുമ്പാകെ സമർപ്പിക്കപ്പെട്ടത്. ഇതിൽ എട്ടെണ്ണം കുട്ടികളുടെ ചിത്രങ്ങളാണ്. നീണ്ട 33 ദിവസത്തെ സ്ക്രീനിംഗിലൂടെയാണ് പ്രാഥമിക, അന്തിമ വിധി നിർണയ സമിതികൾ അവാർഡുകൾ തീരുമാനിച്ചത്. ബംഗാളി സംവിധായകന്‍ ഗൗതം ഘോഷ് ചെയർമാനായ ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വിന്‍സി അലോഷ്യസ് മികച്ച നടിയായി. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടു. മഹേഷ് നാരായണനാണ് മികച്ച സംവിധായകന്‍.



