കുവൈത്ത്സിറ്റി: കുവൈത്തിൽ ടാറ്റുകൾ പതിക്കുന്നത് നിരോധിക്കണമെന്നും, പ്ലാസ്റ്റിക് സർജറികൾ നടത്തുന്നത് നിയന്ത്രിക്കണമെന്നും ആവശ്യം. അഞ്ച് പാര്‍ലമെന്റ് അംഗങ്ങളാണ് ഇത് സംബന്ധിച്ചുള്ള നിര്‍ദേശം ദേശീയ അസംബ്ലിയില്‍ സമര്‍പ്പിച്ചത്.
പാര്‍ലിമെന്റ് അംഗങ്ങളായ മുഹമ്മദ് ഹയീഫ്, ഹംദാൻ അൽ അസ്മി, ഫഹദ് അൽ മസൂദ്, മുഹമ്മദ് അൽ മുതൈർ, ഹമദ് അൽ ഒബൈദ് എന്നിവരാണ് ദേശീയ അസംബ്ലിയിൽ നിര്‍ദ്ദേശം സമര്‍പ്പിച്ചത് .
ടാറ്റുകൾ പതിക്കുന്നതിനും പ്ലാസ്റ്റിക് സർജറികൾ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിനും, നിരോധനം ഏർപ്പെടുത്തണമെന്നാണ് നിയമ നിർദേശത്തിൽ ആവശ്യപ്പെടുന്നത്.
അതോടപ്പം ലിംഗഭേദം മാറ്റുന്നതിനുള്ള ശസ്ത്രക്രിയകൾ നിരോധിക്കണമെന്ന ആവശ്യവും എം.പിമാര്‍ സമർപ്പിച്ച നിയമ നിർദ്ദേശത്തിൽ ഉന്നയിച്ചിട്ടുണ്ട്. സ്വകാര്യ ക്ലിനിക്കുകളിലും ആരോഗ്യ കേന്ദ്രങ്ങളിലും പ്ലാസ്റ്റിക് സർജറികൾ നടത്തുന്നത് നിരോധിക്കണം. പ്ലാസ്റ്റിക് സർജറി അപേക്ഷകൾ പരിശോധിക്കുന്നതിനായി ആരോഗ്യ മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ സമിതിയെ രൂപീകരിക്കണമെന്നും പ്രത്യേക സമിതിയുടെ അനുമതിയില്ലാതെ പ്ലാസ്റ്റിക് സർജറികള്‍ നടത്തരുതെന്നും എം.പി മാര്‍ നിര്‍ദ്ദേശിച്ചു. നിയമം ലംഘിക്കുന്നവര്‍ക്ക് അഞ്ച് വർഷത്തെ ജയിൽ ശിക്ഷയും 1,000 ദിനാർ പിഴയുമാണ് നിർദ്ദേശം വ്യവസ്ഥ ചെയ്യുന്നത്.