ദില്ലി:ബിഡിജെഎസ് അധ്യക്ഷനും കേരള എൻഡിഎ ഘടകം കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി ബിജെപി അഖിലേന്ത്യ പ്രസിഡന്‍റ് ജെ .പി . നദ്ദയുമായി ഡൽഹിയിൽ കൂടി കാഴ്ച നടത്തി .കേരള രാഷ്ട്രീയത്തിൽ എൻഡിഎ വിപുലീകരിക്കുന്നതിനെ സംബന്ധിച്ചും ബിഡിജെഎസിന്‍റെ സീറ്റുകളുടെ കാര്യത്തിലും ചർച്ച നടത്തി.മധ്യതിരുവിതാംകൂറിലെ ഒരു പ്രമുഖ പാർട്ടിയെ എൻ ഡി എ .യിൽ എത്തിക്കാനായി ചർച്ചകൾ നടന്നു വരുന്നതായി തുഷാർ നദ്ദയെ അറിയിച്ചുഎന്നാണ് സൂചന.
കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ് മത്സരിച്ച സീറ്റുകൾ കൂടാതെ അധിക സീറ്റുകളും ആവശ്യപ്പെടും .ഇക്കുറി ബിഡിജെഎസ് ഏഴ് സീറ്റുകളാണ് ആവശ്യപ്പെടുന്നത് .വയനാട്, ചാലക്കുടി, തൃശ്ശൂർ ,കോട്ടയം ,ഇടുക്കി, മാവേലിക്കര, ആലത്തൂർ എന്നിവയാണ് ആ മണ്ഡലങ്ങൾ .തൃശ്ശൂർ സീറ്റിൽ തുഷാർ വെള്ളാപ്പള്ളി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എത്തുകയും കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷായുടെ നിർദ്ദേശപ്രകാരമാണ് വയനാട്ടിലേക്ക് മത്സരിക്കാൻ തയ്യാറായതു്. തുഷാറിന്‍റെ സ്ഥാനാർത്ഥിത്വം അമിത് ഷാ തന്നെ തന്‍റെ ട്വിറ്റർ പേജിൽ പ്രഖ്യാപിക്കുകയായിരുന്നു.
നരേന്ദ്രമോഡി സർക്കാരിന്‍റെ വികസന പദ്ധതികൾ കേരളത്തിലെ ഓരോ വീടുകളിലും , ജനഹൃദയങ്ങളിലും,എത്തിക്കുവാനും അതുവഴി അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മികച്ച വിജയം കൈവരിക്കാൻ സാധിക്കുമെന്നും ഇരുവരും നടത്തിയ ചർച്ചയിൽ പ്രത്യാശ പ്രകടിപ്പിച്ചു.വരും ദിവസങ്ങളിൽ ശക്തമായ ക്യാമ്പയിനുകൾ നടത്തുവാനും അതിന് ഉതകുന്ന തന്ത്രങ്ങൾ മെനയുവാനും എൻ.ഡി എ യുടെ വിശാലമായ യോഗം കേരളത്തിൽ ചേരുവാനും തീരുമാനിച്ചു.നെൽ , റബർ കർഷകർക്കും താങ്ങു വിലയ്ക്ക് കൂടുതൽ ഫണ്ട് അനുവദിക്കണമെന്നും നദ്ദയ്ക്കു നൽകിയ നിവേദനത്തിൽ തുഷാർ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു മോദി സർക്കാർ നടപ്പിലാക്കിയ കേരളത്തിലെ വികസന പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കാൻ വലിയ പ്രവർത്തനങ്ങളും ,പ്രചരണവും ,ഭവന സന്ദർശനത്തിലൂടെ നടത്തുമെന്നും ഇരുവരും അറിയിച്ചു