ഏകീകൃത സിവിൽ കോഡിനെതിരായ മുസ്ലീം കോ ഓർഡിനേഷൻ സെമിനാറിൽ സിപിഐഎമ്മിനും ക്ഷണം. സെമിനാർ രാഷ്ട്രീയ പാർട്ടികളുടേത് അല്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം വിശദീകരിച്ചു. സെമിനാറിലേക്ക് മതസംഘടനകളേയും രാഷ്ട്രീയ പാർട്ടികളേയും ക്ഷണിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിയെ ഉൾപ്പെടെ സെമിനാറിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും പിഎംഎ സലാം മാധ്യമങ്ങളോട് പറഞ്ഞു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെത്തുടർന്ന് പുതുപ്പള്ളിയിൽ നടത്തേണ്ടിവരുന്ന ഉപതെരഞ്ഞെടുപ്പിനെക്കുറിച്ചും മുസ്ലീം ലീഗ് പ്രതികരണമറിയിച്ചു. പുതുപ്പള്ളിയിൽ സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടത് കോൺഗ്രസ് ആണെന്ന് പിഎംഎ സലാം പറഞ്ഞു. പുതുപ്പള്ളി കോൺഗ്രസിന്റെ സീറ്റാണ്. അവിടെ ആര് മത്സരിച്ചാലും മുസ്ലീം ലീഗ് അവരെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
സി.പിഐഎമ്മും ബിജെപിയും മൽസരിക്കരുതെന്ന കെ.സുധാകരന്റെ ആവശ്യത്തിൽ തെറ്റില്ല എന്ന നിലപാടിലാണ് മുസ്ലീം ലീഗ്. അതിൽ തീരുമാനമെടുക്കേണ്ടത് അതത് രാഷ്ട്രീയ പാർട്ടികളാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ അത് നടക്കുമോ എന്നറിയില്ലെന്നും പിഎംഎ സലാം കൂട്ടിച്ചേർത്തു.