തിരുവനന്തപുരം: മണിപ്പൂർ കലാപത്തിന്റെ പേരിൽ കേരളത്തിലെ ജനങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഗോത്രവർഗങ്ങൾ തമ്മിലുള്ള കലാപം മതത്തിന്റെ പേരിലാക്കി സംസ്ഥാനത്തെ ജനങ്ങളെ ഭിന്നിപ്പിക്കാൻ മുഖ്യമന്ത്രിയുടെ പാർട്ടി കുറേനാളുകളായി ശ്രമിക്കുന്നുണ്ട്. സി.പി.എമ്മിന്റെ വ്യാജപ്രചരണം സംസ്ഥാന മുഖ്യമന്ത്രിയും ഏറ്റെടുത്തത് ദൗർഭാഗ്യകരമാണെന്നും സുരേന്ദ്രൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.
രാഷ്ട്രീയ നേട്ടത്തിന് വേണ്ടി വിദ്വേഷ പ്രചരണം നടത്തുന്നത് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ അവസാനിപ്പിക്കണം. കലാപം തടയാൻ മണിപ്പൂർ സർക്കാരും കേന്ദ്രസർക്കാരും കൃത്യമായ ഇടപെടൽ നടത്തുന്നുണ്ട്. മണിപ്പൂരിൽ മുൻകാലങ്ങളെ അപേക്ഷിച്ച് ഇപ്പോൾ കലാപങ്ങൾ വളരെ കുറവാണ്. യു.പി.എ സർക്കാരിന്റെ കാലത്ത് അയ്യായിരത്തോളം കലാപങ്ങളാണ് സംസ്ഥാനത്ത് നടന്നത്. 700 ഓളം പേരാണ് അന്ന് കൊല്ലപ്പെട്ടത്. തൊണ്ണൂറുകളിൽ മാസങ്ങളോളം നീണ്ടുനിന്ന കലാപങ്ങൾക്ക് മണിപ്പൂർ വേദിയായിട്ടുണ്ട്.
അഫ്സ പിൻവലിച്ച് മണിപ്പൂരിനെ സാധാരണനിലയിലേക്ക് തിരിച്ചു കൊണ്ടുവന്നത് നരേന്ദ്രമോദി സർക്കാരാണ്. എന്നാൽ വിധ്വംസക ശക്തികൾ വീണ്ടും മണിപ്പൂരിനെ കലാപഭൂമിയാക്കാൻ ശ്രമിക്കുകയാണ്. കുറ്റക്കാരെ മുഴുവൻ നിയമത്തിന്റെ മുന്നിൽ കൊണ്ട് വന്ന് മണിപ്പൂരിൽ ശാശ്വത സമാധാനം ഉണ്ടാക്കുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. മണിപ്പൂരിലെ ഗോത്രകലാപത്തെ ക്രൈസ്തവ വേട്ടയാക്കി മാറ്റുന്നത് ഗൂഢ അജണ്ടയാണ്. മണിപ്പൂരിൽ എല്ലാ വിഭാഗം ജനങ്ങളിലും സ്വാധീനമുള്ള ഏക പാർട്ടി ബി.ജെ.പിയാണ്. അവിടുത്തെ ക്രിസ്ത്യാനികൾ ബി.ജെ.പിക്കൊപ്പമാണെന്നും കെ.സുരേന്ദ്രൻ അവകാശപ്പെട്ടു.