ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപത്തില്‍ ആശങ്ക രേഖപ്പെടുത്തി അമേരിക്ക. മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്‌നരായി പരേഡ് ചെയ്ത സംഭവത്തില്‍ അതീവ ഉത്കണ്ഠയുണ്ടെന്നും സംഭവം ഞെട്ടിക്കുന്നതാണെന്നും യുഎസ് അപലപിച്ചു.
മണിപ്പൂരില്‍ നടക്കുന്ന സംഭവങ്ങള്‍ ക്രൂരവും ഭയാനകവും ആണെന്ന് അമേരിക്കന്‍ വിദേശകാര്യ വക്താവ് പറഞ്ഞു. പ്രശ്‌നത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്താനും എല്ലാ വിഭാഗങ്ങള്‍ക്കും സംരക്ഷണം നല്‍കാനും മാനുഷിക സഹായം എത്തിക്കാനും അധികൃതരോട് അഭ്യര്‍ത്ഥിക്കുന്നതായും യു എസ് വിദേശകാര്യ വക്താവ് പറഞ്ഞു.
സ്ത്രീകളെ നഗ്നരായി നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വിഷയം ആഗോള ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഇടപെടാന്‍ തയ്യാറാണെന്ന് നേരത്തേ അമേരിക്ക അറിയിച്ചിരുന്നു.
ഇന്ത്യ ആവശ്യപ്പെടുന്നപക്ഷം മണിപ്പുരിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്നാണ് അമേരിക്കന്‍ സ്ഥാനപതി എറിക് ഗാര്‍സെറ്റി പറഞ്ഞത്. എന്നാല്‍ ഇന്ത്യ അത് തള്ളുകയായിരുന്നു. അമേരിക്കന്‍ സ്ഥാനപതിയുടേത് അപൂര്‍വമായ പ്രസ്താവനയാണെന്നും മുമ്പൊരുഘട്ടത്തിലും ഇന്ത്യയുടെ ആഭ്യന്തരവിഷയങ്ങളില്‍ അമേരിക്ക ഇത്തരം ഇടപെടല്‍ നടത്തിയിട്ടില്ലെന്നും കോണ്‍ഗ്രസ് പ്രതികരിച്ചിരുന്നു.
മണിപ്പൂരില്‍ നിന്ന് സ്ത്രീകള്‍ക്കെതിരായ നിരവധി അതിക്രമങ്ങളുടെ വാര്‍ത്തകളാണ് ദിവസവും പുറത്തുവരുന്നത്. മെയ് അഞ്ചിന് രണ്ട് സ്ത്രീകളെ അക്രമിസംഘം കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിരുന്നു. അക്രമികള്‍ക്കൊപ്പം ഉണ്ടായിരുന്ന സ്ത്രീകളുടെ സംഘമാണ് ബലാത്സംഗം ചെയ്യാന്‍ ഇവരെ പിടിച്ച് നല്‍കിയതെന്ന് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. കൊല്ലപ്പെട്ട യുവതികളുടെ മൃതദേഹം ഇപ്പോഴും കുടുംബത്തിന് കൈമാറിയിട്ടില്ല. രണ്ട് മൃതദേഹവും ഇംഫാലിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.