തിരുവനന്തപുരം: രോഗാവസ്ഥയിലും കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്താനാണ് ഉമ്മൻ ചാണ്ടി ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അയ്യൻകാളി ഹാളിൽ കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉമ്മൻ ചാണ്ടിയും താനും 1970 ലാണ് നിയമസഭയിലെത്തിയതെന്നു മുഖ്യമന്ത്രി പറഞ്ഞു. ‘‘ആ നിയമസഭയിൽ കടന്നുവന്ന അംഗങ്ങളിൽ ഉമ്മൻ ചാണ്ടിയുടെ പ്രത്യേകത ഇതുവരെ പുതുപ്പള്ളി മണ്ഡലത്തെ തുടർച്ചയായി പ്രതിനിധീകരിക്കാനായി എന്നതാണ്. പാർലമെന്ററി പ്രവർത്തനത്തിൽ ഇതു റെക്കോർഡാണ്. ഒന്നിച്ചാണ് നിയമസഭയിലെത്തിയതെങ്കിലും തനിക്കു തുടർച്ചയായി സഭയിലെ അംഗമായി പ്രവർത്തിക്കാൻ കഴിഞ്ഞില്ല’’– മുഖ്യമന്ത്രി പറഞ്ഞു.
‘‘ഉമ്മൻ ചാണ്ടി തുടർച്ചയായി ആ ചുമതല ഭംഗിയായി നിറവേറ്റി. വിവിധ വകുപ്പുകൾ കൈകാര്യം ചെയ്ത് ശോഭിക്കുന്ന ഭരണാധികാരിയെന്നു കേരളത്തിനു മുന്നിൽ തെളിയിച്ചു. രണ്ടു തവണ മുഖ്യമന്ത്രിയായപ്പോഴും ഈ ഭരണപരിചയം അദ്ദേഹത്തിനു ശക്തി പകർന്നു. കോൺഗ്രസിനെ ശക്തിപ്പെടുത്താൻ ഉമ്മൻ ചാണ്ടി അങ്ങേയറ്റം പ്രാധാന്യം കൊടുത്തു. പാർട്ടിയുടെ ഏറ്റവും ചലിക്കുന്ന നേതാവായി മാറി. അദ്ദേഹത്തിനു ലഭിച്ച സ്വീകാര്യത നേതൃശേഷിയുടെ പ്രത്യേകതയാണ്. യുഡിഎഫിന്റെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി ഉമ്മൻ ചാണ്ടി മാറി. പ്രത്യേക നേതൃവൈഭവം അദ്ദേഹം പ്രകടിപ്പിച്ചു. രോഗത്തിനു മുന്നിൽ തളരാതെ അർപ്പിതമായ ഉത്തരവാദിത്തം നിറവേറ്റി’’.
രോഗകാലത്ത് ചടങ്ങിനിടെ കണ്ടുമുട്ടിയപ്പോൾ ആരോഗ്യവിവരങ്ങളെക്കുറിച്ച് ഉമ്മൻ ചാണ്ടിയുമായി സംസാരിച്ച കാര്യവും മുഖ്യമന്ത്രി ഓർത്തെടുത്തു.