കൊച്ചി: കേരളം മനോഹരമായ സ്ഥലമാണെന്നും അതുകൊണ്ടാണ് താനിവിടെ സ്ഥിരതാമസമാക്കിയതെന്നും മുന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ. കേരളത്തില്‍ നല്ല ആരോഗ്യ പരിരക്ഷ ലഭിക്കുന്നു. ആളുകൾ സൗഹാർദത്തോടെ ഇപെടുന്നവരും അങ്ങേയറ്റം മതേതരമായി ചിന്തിക്കുന്നവരുമാണ്. കൂടാതെ ഭാഷാപരമായ തടസ്സങ്ങളൊന്നുമില്ല. വിരമിച്ചതിന് ശേഷം താമസിക്കാൻ അനുയോജ്യമായ സ്ഥലമാണ് കേരളമെന്നും ലോക്നാഥ് ബെഹ്റ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
“കേരളത്തിൽ തുടരുന്നത് നല്ല തീരുമാനമാണെന്ന് ഞാൻ വിശ്വസിക്കുന്നു. മാനവ വികസന സൂചികകളും ശിശുമരണ നിരക്ക്, ആരോഗ്യ പരിരക്ഷ, വൈദ്യുതി, ജലവിതരണം മുതലായ മറ്റ് മാനദണ്ഡങ്ങളും പരിശോധിച്ചാൽ കേരളം പാശ്ചാത്യ രാജ്യത്തിന് സമാനമാണ്. ഇത്രയും വികസിതമായ സംസ്ഥാനം ഞാൻ എന്തിന് ഉപേക്ഷിക്കണം? അതുകൊണ്ട് ഞാനിവിടെ സ്ഥിരതാമസമാക്കി”- ലോക്നാഥ് ബെഹ്റ പറഞ്ഞു. മുൻ ഡി.ജി.പി രമൺ ശ്രീവാസ്തവ ഇവിടെയുണ്ട്. നീതി ആയോഗ് മുന്‍ സിഇഒ അമിതാഭ് കാന്തും കേരളത്തിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു.
ലവ് ജിഹാദ് ഇല്ലെന്ന് ആദ്യമായി ഔദ്യോഗിക പ്രസ്താവന നടത്തിയത് താങ്കളാണല്ലോ എന്ന ചോദ്യത്തിന് കേരളം വളരെ മതേതര സംസ്ഥാനമാണെന്ന് താൻ എപ്പോഴും പറയാറുണ്ടെന്ന് ബെഹ്റ പറഞ്ഞു.