തിരുവനന്തപുരം : ഹൈന്ദവ വിശ്വാസത്തെ അവഹേളിച്ചുവെന്നു ചൂണ്ടിക്കാട്ടി സ്പീക്കർ എ.എൻ. ഷംസീറിനെതിരെ പരാതിയുമായി ബിജെപി രംഗത്ത്. ഹിന്ദു ദൈവ സങ്കൽപ്പങ്ങൾക്കെതിരെയും വിശ്വാസങ്ങൾക്കെതിരെയും ഷംസീർ നടത്തിയ പ്രസ്താവനകൾക്കെതിരെ ബിജെപി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ആർ.എസ്. രാജീവ് സിറ്റി പൊലീസ് കമ്മിഷണർക്കാണ് പരാതി നൽകിയത്. ജൂലൈ 21ന് കുന്നത്തുനാട് ജിഎച്ച്എസ്എസിൽ നടന്ന വിദ്യജ്യോതി പരിപാടിയിൽ സ്പീക്കർ നടത്തിയ പരാമർശങ്ങളാണ് പരാതിക്ക് ആധാരം.
ഗണപതി എന്ന ഹൈന്ദവ ആരാധനാമൂർത്തി കേവലം മിത്തു മാത്രമാണെന്ന് ഷംസീർ പ്രസംഗിച്ചതായി പരാതിയിൽ പറയുന്നു. യുക്തിചിന്ത വളർത്തുകയാണ് എന്ന വ്യാജേന ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കുന്ന നടപടിയാണ് സ്പീക്കറുടേതെന്നും പരാതിയിലുണ്ട്.
പ്രസ്താവന നടത്തിയ വ്യക്തി നിയമസഭാ സ്പീക്കറും തലശേരി എംഎൽഎയും ആണെന്നത് ഗൗരവത്തോടെ കാണേണ്ടതാണ്. മാത്രമല്ല, ഈ പ്രസ്താവന സ്കൂൾ വിദ്യാർഥികളുടെ മുന്നിൽവച്ചാണ് എന്നതും ഗുരുതരമായ വിഷയമാണ്. ഷംസീറിന്റെ പ്രസംഗം മുഖ്യധാരാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും രാജ്യത്ത് ആകമാനം പ്രചരിക്കുകയും ചെയ്തിട്ടുണ്ട്. ഇത് ഹിന്ദുമത വിശ്വാസികളെ അങ്ങേയറ്റം വേദനിപ്പിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.