ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം ഉയര്‍ത്തിയ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്‌സഭ രണ്ടു മണി വരെ നിര്‍ത്തിവെച്ചു. പ്രതിപക്ഷപാര്‍ട്ടികള്‍ യോഗം ചേര്‍ന്ന് പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനിച്ചിരുന്നു. പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രതികരിക്കണം എന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. ചര്‍ച്ചയ്ക്ക് തയാറാണെന്ന് അമിത് ഷാ അറിയിച്ചെങ്കിലും പ്രധാനമന്ത്രിയുടെ മറുപടി, അതിനുശേഷം ചര്‍ച്ച എന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ചു നില്‍ക്കുകയാണ്.
വര്‍ഷകാല സമ്മേളനം നാലാം ദിവസമായ ഇന്നും ലോക്‌സഭ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിഷേധവും ആരംഭിച്ചു. സ്പീക്കര്‍ വിഷയം ചര്‍ച്ചയ്ക്ക് എടുക്കാം എന്ന് അറിയിച്ചെങ്കിലും പ്രതിപക്ഷം പ്രതിഷേധത്തില്‍ നിന്ന് പിന്മാറിയില്ല. പ്രതിപക്ഷപ്രതിഷേധങ്ങള്‍ക്കിടയിലും രാജ്യസഭാ നടപടികള്‍ പുരോഗമിക്കുകയാണ്.
മണിപ്പൂര്‍ വിഷയത്തില്‍ വര്‍ഷകാല സമ്മേളനത്തിന്റെ മൂന്നാം ദിവസവും പാര്‍ലമെന്റ് സ്തംഭിക്കുന്ന സാഹചര്യമായിരുന്നു. സഭാ സ്തംഭനം ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും വിജയത്തില്‍ എത്തിയില്ല. പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ച ശേഷമാണ് പ്രതിപക്ഷ എംപിമാര്‍ ഇരു സഭകളിലേക്കും എത്തിയത്. അടിയന്തര പ്രമേയങ്ങള്‍ തള്ളിയതോടെ പ്രതിപക്ഷം നടുത്തളത്തില്‍ മുദ്രാവാക്യം വിളിച്ചു. ചോദ്യോത്തര വേളയ്ക്കുശേഷം ചര്‍ച്ചയാകാം എന്നും ആര് മറുപടി പറയണമെന്ന് നിര്‍ബന്ധിക്കരുതെന്നും സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ഇരുസഭകളും പല തവണ തടസപ്പെട്ടതോടെ ഇന്നലേയും പിരിയുകയായിരുന്നു.