യു.എ.ഇയിലെ ഫുജൈറയിൽനിന്ന് ഒമാനിലെ സലാലയിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കുന്നു. ഈ മാസം 30 മുതൽ സലാം എയർ വിമാനങ്ങൾ ഫുജൈറയിൽ നിന്ന് സലാലയിലേക്ക് പറക്കും. ആഴ്ചയിൽ ഒരു ദിവസമാണ് സർവീസുണ്ടാവുക.
ജുലൈ 30 മുതൽ ഞായറാഴ്ചകളിലാണ് ഫുജൈറ വിമാനത്താവളത്തിൽ നിന്നും ഒമാനിലെ വിനോദസഞ്ചാര കേന്ദ്രമായ സലാലയിലേക്ക് സലാം എയർ സർവീസ് നടത്തുക. രാവിലെ 11:40 ന് ഫുജൈറയിൽ നിന്ന് പുറപ്പെടുന്ന വിമാനം ഉച്ചക്ക് 1.25 ന് സലാലയിലിറങ്ങും. സലാലയിൽനിന്നുള്ള വിമാനം രാവിലെ 8.55ന് പുറപ്പെട്ട് രാവിലെ 10:40 നാണ് ഫുജൈറയിൽ ഇറങ്ങുന്നത്. കേരളത്തിലേതിന് സമാനമായ ഭൂപ്രകൃതിയുള്ള സലാലയിൽ മഴ പെയുന്ന ഖരീഫ് സീസണായതിനാൽ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടാണ് ഫുജൈറ- സലാല സർവീസ് ആരംഭിക്കുന്നത്. യു.എ.ഇ റെസിഡന്റ് വിസയുള്ളവർക്ക് സലാലയിൽ ഇറങ്ങാൻ ഓൺ അറൈവൽ വിസ സൗകര്യവും ലഭ്യമാക്കുന്നുണ്ട്.
സലാം എയർ വിമാനങ്ങൾ സലാലയിൽ നിന്ന് കോഴിക്കോട്ടേക്ക് സർവീസ് നടത്തുന്നുണ്ടെങ്കിലും ഞായറാഴ്ച കോഴിക്കോട് സർവീസില്ലാത്തതിനാൽ നാട്ടിലേക്ക് ഫുജൈറയിൽ നിന്ന് യാത്ര ചെയ്യാൻ കണക്ഷൻ ഫ്‌ളൈറ്റായി ഇതിനെ ഉപയോഗിക്കാൻ കഴിയില്ല. ഈമാസം 12 നാണ് നീണ്ട ഇടവേളക്ക് ശേഷം ഫുജൈറയിൽ നിന്ന് അന്താരാഷ്ട്ര സർവീസ് പുനരാരംഭിച്ചത്. ഫുജൈറയിൽനിന്ന് മസ്‌കത്ത് വഴി തിരുവനന്തുപുരത്തേക്കുള്ള സർവീസ് നിരവധി പ്രവാസികൾ പ്രയോജനപ്പെടുത്തുന്നുണ്ട്.