തിരുവനന്തപുരം: ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് തകരാറായതിൽ എടുത്ത കേസിൽ നിന്നും തലയൂരി സർക്കാർ. വൻ നാണക്കേടായാതോടെ കേസിലെ തുടർനടപടികൾ അവസാനിപ്പിക്കാൻ മുഖ്യമന്ത്രി പൊലീസിന് നിർദ്ദേശം നൽകി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്ത മൈക്കും ആംപ്ളിഫയറും ഉടമയ്ക്ക് പൊലീസ് തിരിച്ചുനൽകി. ചിരിപ്പിച്ച് കൊല്ലരുതെന്ന പരിഹസിച്ച പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വിളിച്ചുപറഞ്ഞാണ് കേസെടുത്തതെന്നും ആരോപിച്ചു.
മൈക്കിലുണ്ടായ ഈ തകരാറിൻ്റെ പേരിൽ കൻറോൺമെനറ് പൊലീസ് എടുത്ത കേസാണ് സർക്കാറിനും പൊലീസിനും വലിയ നാണക്കേടായത്. ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്കിൽ ഹൗളിംഗ് വരുത്തി പൊതുസുരക്ഷയെ ബാധിക്കും വിധത്തിൽ പ്രതി പ്രവർത്തിച്ചു എന്നാണ് എഫ്ഐഐർ. പക്ഷെ പൊലീസ് സ്വമേധായ എടുത്ത കേസിൽ പ്രതിയില്ല. കേസെടുത്തത് മാത്രമല്ല മൈക്ക് ഓപ്പറേറ്റർ വട്ടിയൂർക്കാവിലെ എസ് വി സൗണ്ട്സ് ഉടമ രഞ്ജിത്തിൽ നിന്നും മുഖ്യമന്ത്രി പ്രസംഗിക്കാൻ ഉപയോഗിച്ച മൈക്കും ആംപ്ളിഫൈയറും കേബിളുകളും പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധനക്ക് അയച്ചു. മൈക്ക് ഒന്നാം പ്രതി കേബിൾ രണ്ടാം പ്രതി എന്നൊക്കെയുള്ള പരിഹാസവും കടുത്ത വിമർശനവും ഉയർന്നതോടെ നാണക്കേടിൽ നിന്നും തലയൂരാൻ ഒടുവിൽ മുഖ്യമന്ത്രി ഇടപെട്ടു. സുരക്ഷാ പരിശോധനയല്ലാതെ എല്ലാം അവസാനിപ്പിക്കണമെന്ന് പൊലീസിന് നിർദ്ദേശം നൽകി. എന്നാൽ കേസിൽ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസിന് കയ്യൊഴിയാനാകില്ലെന്ന് തുറന്നടിച്ച് പ്രതിപക്ഷം.
മുഖ്യമന്ത്രി ഇടപെട്ടതോടെ പൊതുമരാമത്ത് വകുപ്പിൻ്റെ ഇലക്ട്രോണിക് വിഭാഗത്തിലെ പരിശോധന അതിവേഗം പൂർത്തിയാക്കി മൈക്കും ഉപകരണങ്ങളും രഞ്ജിത്തിന് കൈമാറി. ബോധപൂർവ്വം തകരാർ ഉണ്ടാക്കിയെന്നായിരുന്നു കേസെങ്കിൽ മൈക്ക് സെറ്റ് ഉടമ വിശദീകരിച്ചത് വെറും പത്ത് സെക്കൻ്റ് സംഭവിച്ചത് സ്വാഭാവികതകരാറെന്ന്. ആളുകൾ തിക്കിത്തിരക്കിയപ്പോൾ ഉണ്ടായ പ്രശ്നം മാത്രമെന്ന് വിഐപികളുടെ പരിപാടികൾക്ക് സ്ഥിരം മൈക്ക് നൽകുന്ന രഞ്ജിത്ത്. പൊല്ലാപ്പൊഴിഞ്ഞതിന്‍റെ ആശ്വാസത്തിൽ മൈക്കുമായി രഞ്ജിത്ത് അടുത്ത പരിപാടിയിലേക്ക് നീങ്ങി. പക്ഷെ ചോദ്യങ്ങൾ ഒരുപാട് ബാക്കിയാണ്. നിസ്സാര ശബ്ദ തകരാറിന് എന്ത് കൊണ്ട് പൊലീസ് കേസെടുത്തു, കേസെടുക്കാൻ ആരെങ്കിലും നിർദ്ദേശം നൽകിയോ എന്നെല്ലാം ആണ് ഉയരുന്ന ചോദ്യങ്ങള്‍. എന്തിന് മൈക്കിൽ സുരക്ഷാ പരിശോധന നടത്തി. തുടർനടപടിയിൽ നിന്ന് പിന്നോട്ട് പോയെങ്കിലും മൈക്ക് കേസിൻ്റെ നാണക്കേട് ഇനിയും മുഴങ്ങിക്കേൾക്കും.