ആലപ്പുഴ: സിപിഎം അമ്പലപ്പുഴ എം.എൽ.എ എച്ച് സലാം സെക്രട്ടറിയായ ചേതനാ പാലിയേറ്റിവ് ആന്റ് ചാരിറ്റബിൾ സൊസൈറ്റിയിൽ ഗുരുതര സാമ്പത്തിക ക്രമക്കേട് നടന്നെന്ന് ആരോപണം. സൊസൈറ്റി രൂപീകരിച്ച് 8 വർഷം കഴിഞ്ഞിട്ടും വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചിട്ടില്ല. അമ്പലപ്പുഴ മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി ശ്രീകുമാറാണ് പരാതിയുമായി രംഗത്തെത്തിയത്. സിപിഎം പാർട്ടി ജില്ലാ സെക്രട്ടറിക്ക് നൽകിയ പരാതിയിൽ അന്വേഷണം പ്രഖ്യാപിച്ചു.
എച്ച് സലാം സെക്രട്ടറിയായ സൊസൈറ്റി 2015 ഡിസംബർ 30 നാണ് രൂപീകരിക്കുന്നത്. 8 വർഷം കഴിഞ്ഞിട്ടും ഒരു വാർഷിക പൊതുയോഗം പോലും ചേർന്നിട്ടില്ലെന്നും വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചിട്ടില്ലെന്നുമാണ് പരാതി. മെഡിക്കൽ കോളേജിന്റെ അനുമതിയോടെ ചേതനയിൽ 500 തരം രോഗനിർണയ പരിശോധനകൾ നടത്തുന്നുണ്ട്. കോടികളുടെ സാമ്പത്തിക ഇടപാടുകളാണ് ചേതനയുടെ കീഴിൽ നടക്കുന്നത്. സലാം 22 ലക്ഷം രൂപ എടുത്തതായി ചേതനയുടെ ട്രഷറർ ഗുരുലാൽ ആരോപണം ഉന്നയിച്ചിരുന്നതായും പരാതിയിൽ ഉന്നയിക്കുന്നു. പരാതിയിൽ കഴമ്പുണ്ടെന്ന പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിനുളള പാർട്ടി തീരുമാനം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ പ്രസാദിനാണ് അന്വേഷണ ചുമതല.