ദില്ലി: മണിപ്പൂരിനെ ചൊല്ലി ഇന്നും പാര്‍ലമെന്‍റ് പ്രക്ഷുബ്ധം. പ്രധാനമന്ത്രി സഭയില്‍ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തില്‍ ലോക്സഭയും രാജ്യസഭയും രണ്ട് മണി വരെ നിര്‍ത്തി വച്ചു. അവിശ്വാസ പ്രമേയം കൊണ്ടുവന്നിട്ടോ കറുത്ത വസ്ത്രം ധരിച്ചിട്ടോ ഒരു പ്രയോജനവുമില്ലെന്നും മോദി തന്നെ 2024 ലും ഇന്ത്യ ഭരിക്കുമെന്നും പാര്‍ലമെന്‍ററികാര്യ മന്ത്രി പ്രള്‍ഹാദ് മന്ത്രി പ്രതിപക്ഷത്തെ പരിഹസിച്ചു. ഭരണപക്ഷത്തിന്‍റെ നിലപാടില്‍ പ്രതിഷേധിച്ച് കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്‍റിലെത്തിയത്.
സഭാധ്യക്ഷന്മാര്‍ എത്തിയതിന് പിന്നാലെ ലോക്സഭയിലും രാജ്യസഭയിലും ബഹളം തുടങ്ങി. അടിയന്തരപ്രമേയം അംഗീകരിച്ച് ലോക്സഭയില്‍ ചര്‍ച്ച വേണമെന്നും പ്രധാനമന്ത്രി സഭയില്‍ മറുപടി നല്‍കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. രാജ്യസഭയില്‍ വിദേശകാര്യ നയത്തെ കുറിച്ച് സംസാരിച്ച മന്ത്രി എസ് ജയ്ശങ്കറിന്‍റെ പ്രസംഗം തടസപ്പെടുത്തി, മോദി വായ തുറക്കണമെന്ന മുദ്രാവാക്യം പ്രതിപക്ഷം ഉയര്‍ത്തി. എന്നാല്‍ മോദി ജയ് മുദ്രവാക്യവുമായി ഭരണപക്ഷം പ്രതിപക്ഷത്തെ നേരിട്ടു. ഇതോടെ ക്ഷുഭിതനായ രാജ്യസഭാധ്യക്ഷന്‍ ജഗദീപ് ധന്‍കര്‍ പ്രതിപക്ഷ ആവശ്യം ഈ ഘട്ടത്തില്‍ അംഗീകരിക്കാനാവില്ലെന്നും സഭ നാഥനോട് മര്യാദ കാട്ടണമെന്നും ആവശ്യപ്പെട്ടു.
കറുത്ത വസ്ത്രം ധരിച്ചെത്തിയ പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്‍റ് വളപ്പിലും പ്രതിഷേധിച്ചു. മണിപ്പൂരിന്‍റെ മുറിവില്‍ പ്രധാനമന്ത്രി ഉപ്പ് തേക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. അവിശ്വാസ പ്രമേയം കൊണ്ട് കാര്യമില്ലെന്നും ജനങ്ങള്‍ക്ക് മോദിയിലാണ് വിശ്വാസമെന്നും, 2024ലും ജനം മോദിക്കൊപ്പമായിരിക്കുമെന്നും പാര്‍ലമെന്‍ററി കാര്യമന്ത്രി പ്രള്‍ഹാദ് ജോഷി തിരിച്ചടിച്ചു. അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ചയുണ്ടാകുമെങ്കിലും, സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി പ്രധാനമന്ത്രിയുടെ വായ തുറപ്പിക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം.
ശൂന്യവേളയിലോ മറ്റോ വിഷയം കൊണ്ട് വരാമെങ്കിലും അടിയന്തരപ്രമേയം അംഗീകരിക്കണമെന്നാണ് പ്രതിപക്ഷ നിലപാട്. അതേസമയം കോണ്‍ഗ്രസ് മാത്രമായി അവിശ്വാസ പ്രമേയം കൊണ്ടുവന്നതില്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ അതൃപ്തി അറിയിച്ചു. തുടര്‍ന്നങ്ങോട്ട് എല്ലാവരേയും ഉള്‍ക്കൊണ്ടേ മുന്‍പോട്ട് പോകൂയെന്ന് പ്രതിപക്ഷ യോഗത്തില്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ബിഎസ്പി, വൈഎസ്ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികള്‍ സര്‍ക്കാരിനെതിരായ പ്രമേയത്തെ പിന്തുണച്ചിട്ടില്ല.