ലണ്ടൻ: വടക്കൻ ഇംഗ്ലണ്ടിൽ റോഡിലൂടെ റേസിങ് നടത്തുന്നതിനിടെ സ്കൂളിലേക്ക് നടന്നുപോകുകയായിരുന്ന അമ്മയുടെയും നാലുവയസ്സുള്ള മകളുടെയും മേൽ കാറിടിച്ച് മരിച്ച കേസിൽ രണ്ട് ഇന്ത്യൻ വംശജർക്ക് 28 വർഷത്തെ തടവുശിക്ഷ. ഒരാൾക്ക് 12 വർഷവും മറ്റൊരാൾക്ക് 16 വർഷവുമാണ് തടവ്.2023 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. കാർ സെയിൽസ്മാനായ ജാസ്കമൽ റിയാത് (37), ഹർദീപ് ഭച്ചുവുമായി (29) റേസിങ് നടത്തുന്നതിനിടെ കാർ നിയന്ത്രണം വിട്ട് റോഡിലൂടെ നടന്നുപോവുകയായിരുന്ന അമ്മയുടെയും കുട്ടിയുടെയും ദേഹത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
ഭച്ചുവിന്റെ ഓഡി ടിടി ആർഎസ് ഇടിച്ചതിനെ തുടർന്ന് ജസ്റ്റിന ഹൾബോജ് (27), നാലുവയസ്സുള്ള ലെന സെപ്ചോർ എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടകരമായി വാഹനമോടിച്ച് മരണത്തിനിടയാക്കിയ കേസിൽ ഭച്ചു 2024 ജൂണിൽ കുറ്റം സമ്മതിച്ചിരുന്നു. ഭച്ചുവുമായി മത്സരയോട്ടം നടത്തുന്നത് ഡാഷ്കാം ദൃശ്യങ്ങളിൽ വ്യക്തമായി കാണിച്ചിട്ടും റിയാത് ഉത്തരവാദിത്തം നിഷേധിച്ചു. പിന്നീട് അപകടകരമായി വാഹനമോടിച്ച് രണ്ട് മരണത്തിന് ഇടയാക്കിയെന്ന രണ്ട് കുറ്റങ്ങളിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും അതേ കോടതിയിൽ തന്നെ 16 വർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു.
ഇരുവർക്കും ആറ് വർഷത്തെ ഡ്രൈവിങ് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്, കൂടാതെ ഇവർ ഡ്രൈവിങ് പരീക്ഷകൾ എഴുതുകയും വേണം. അപകടത്തിന് മിനിറ്റുകൾക്ക് മുമ്പ്, ട്രാഫിക് സിഗ്നലിൽ അടുത്തടുത്ത് കാത്തുകിടക്കുമ്പോൾ ഭച്ചുവും റിയാതും തങ്ങളുടെ സ്പോർട്സ് കാറുകളുടെ ജനലുകളിലൂടെ സംസാരിച്ചിരുന്നു.
Leave a Comment
Your comment will be visible after admin approval.