ഫിലഡൽഫിയ: പെൻസിൽവേനിയയിലെ പ്രശസ്ത മലയാളി സംഘടനയായ പെൻസിൽവേനിയ അസോസിയേഷൻ ഫോർ മലയാളി പ്രോസ്പിരിറ്റി ആൻഡ് അഡ്വാൻസ്‌മെന്റ്റ്, ഫിലഡൽഫിയിലുള്ള പമ്പ കമ്മ്യൂണിറ്റി ഹാളിൽ വച്ച് അനുസ്മരണ യോഗം നടത്തി.
പ്രസിഡന്‍റ് സുമോദ് തോമസ് നെല്ലിക്കാലയുടെ അധ്യക്ഷതയിൽ നടത്തപ്പെട്ട അനുസ്മരണ യോഗം വികാര നിർഭരമായിരുന്നു. കറ പുരളാത്ത വ്യക്ത്തിത്തത്തിന്റെയും, ആത്മാർത്ഥതയുള്ള പൊതു പ്രവർത്തനത്തിൻറ്റെയും മകുട ഉദാഹരണമായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് സുമോദ് നെല്ലിക്കാല അഭിപ്രായപ്പെട്ടു. കർമശേഷിയിലും ലാളിത്യത്യത്തിലും മാതൃകയായിരുന്ന ഉമ്മൻ ചാണ്ടിയുടെ വിയോഗം കേരളത്തിലും ഭാരതത്തിലും പ്രത്യേകിച്ച് മലയാളികൾക്ക് ആകമാനം തീരാ നഷ്ടമാണെന്ന് സെക്രട്ടറി തോമസ് പോളും, എല്ലാ മത വിഭാഗങ്ങൾക്കും സമാരാധ്യനായിരുന്നു അദ്ദേഹം എന്ന് ട്രഷറർ ഫവ. ഫിലിപ്സ് മോടയിലും അനുസ്മരിക്കുകയുണ്ടായി.
തുടർന്ന് അനുസ്മരണ സന്ദേശം നൽകിയ രാജൻ സാമുവേൽ സമാനകളില്ലാത്ത ഒരു വ്യക്തിത്ത്വത്തിന്റ്റെ ഉടമയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ഓർമിച്ചു. വിലാപ യാത്രയിൽ ഉടനീളം സമയ കാല ഭേദമെന്യേ കാണപ്പെട്ട ജനക്കൂട്ടം ജന ഹൃദയങ്ങളിൽ ഉമ്മൻ ചാണ്ടി എത്രത്തോളം ആരാധിക്കപ്പെനട്ടവനായിരുന്നു എന്നതിന് തെളിവാണെന്ന് ഡോ ഈപ്പൻ ഡാനിയേൽ ചൂണ്ടിക്കാട്ടി.
2013 ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ക്ലിഫ് ഹൗസിൽ വച്ച് അദ്ദേഹത്തെ ഇൻറ്റർവ്യൂ ചെയ്ത അനുഭവം ജോർജ് ഓലിക്കൽ അനുസ്മരിക്കുകയുണ്ടായി. അമേരിക്കൻ സന്ദർശന വേളയിൽ ഉമ്മൻ ചാണ്ടി പമ്പ കമ്മ്യൂണിറ്റി ഹാളിൽ സന്ദർശനം നടത്തിയതും സൗഹൃദത്തോടെ ഏവരേയും ചേർത്ത് പിടിച്ചതും അലക്സ് തോമസ് കൃതജ്ഞതയോടെ സ്മരിക്കുകയുണ്ടായി. ഉമ്മൻ ചാണ്ടിയുടെ വ്യക്തി പ്രഭാവത്തെ കുറിച്ച് എടുത്തു പറഞ്ഞ ഫിലിപ്പോസ് ചെറിയാൻ എല്ലാ പൊതു പ്രവർത്തകരും അദ്ദേഹത്തിന്‍റെ മാതൃക പിൻ തുടരണമെന്ന് ആഹ്വാനം ചെയ്തു. ജാതി വർഗ രാഷ്ട്രീയത്തിനതീതമായി ഏവരെയും സ്നേഹിക്കുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം എന്ന് മോഡി ജേക്കബ് ഓർമിച്ചെടുത്തു.
ഒരിക്കൽ കണ്ടാൽ മറക്കാത്ത പ്രതിഫലേച്ഛ ഇല്ലാതെ ഏവരെയും സ്നേഹിക്കുകയും സഹായിക്കുന്ന വ്യക്തിയാണ് ഉമ്മൻ ചാണ്ടിയെന്ന് ജോർജ്കുട്ടി ലൂക്കോസ് അനുസ്മരിച്ചു. മറ്റുള്ളവരെ സഹായിക്കുവാൻ ഉമ്മൻ ചാണ്ടിയോടൊപ്പം നിന്ന മറിയാമ്മ ഉമ്മനെ പ്രത്യേകം സ്മരിക്കുന്നതായി വി വി ചെറിയാൻ പറഞ്ഞു. വ്യക്തിപരമായി ഉമ്മൻ ചാണ്ടിയുമായുള്ള ബന്ധത്തെക്കുറിച്ചു എ എം ജോൺ ഓർമ പുതുക്കി. സ്നേഹത്തിൻറെയും, കരുണയുടെയും, കരുതലിൻറ്റെയും പര്യായമായിരുന്നു ഉമ്മൻ ചാണ്ടി എന്ന് സുധ കർത്താ പ്രസ്‌താവിച്ചു. സുമോദ് നെല്ലിക്കാല അനുസ്മരണത്തത്തിനെത്തിയ ഏവർക്കും നന്ദി രേഖപ്പെടുത്തി.