തിരുവനന്തപുരം: എട്ടുകോടി രൂപയുടെ തേക്ക് അനധികൃതമായി വെട്ടിവിറ്റ മുട്ടില്‍ മരംമുറി കേസില്‍ റിപ്പോർട്ടർ ചാനൽ മേധാവികൾക്കെതിരെ ഇഡി അന്വേഷണം തുടങ്ങി. കേന്ദ്രമന്ത്രി റാവു ഇന്ദര്‍ജിത് സിംഗ് കെ സുധാകരന്‍ എംപിയെ അറിയിച്ചതാണ് ഇക്കാര്യം. മരം മുറി കേസിൽ ഇഡി അന്വേഷണം നടക്കുന്നതായി കേന്ദ്രമന്ത്രി റാവു ഇന്ദർ ജിത് സിംഗ് അറിയിച്ചുവെന്ന് കെ സുധാകരൻ എംപി വ്യക്തമാക്കി. മരംമുറി കേസില്‍ കേരള പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ (121/ 2021) പ്രകാരം കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടര്‍ ചാനല്‍മേധവികൾക്കെതിരെ എന്‍ഫോഴ്സ്‌മെന്റ് (ഇഡി)അന്വേഷണം നടക്കുന്നത്.
റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓണര്‍ഷിപ്പ് ട്രാന്‍സ്ഫര്‍ സംബന്ധിച്ച് ആക്ഷേപങ്ങള്‍ക്ക് ബന്ധപ്പെട്ട കമ്പനി അധികൃതരില്‍ നിന്നും രജിസ്ട്രാര്‍ ഓഫ് കമ്പനീസ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. പഴയ റിപ്പോര്‍ട്ടര്‍ ചാനലിന്റെ ടെലികാസ്റ്റിംഗ് ലൈസന്‍സ് ഇന്ത്യോ ഏഷ്യന്‍ ന്യൂസ് ചാനല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നപേരിലാണ്. എന്നാല്‍ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യപ്പെട്ട ശേഷം റിപ്പോര്‍ട്ടര്‍ എന്ന പേരില്‍ പുനഃസംപ്രേക്ഷണം ആരംഭിച്ച ഈ കമ്പനിക്ക് ഇന്ത്യോ ഏഷ്യന്‍ ന്യൂസ് ചാനല്‍ പ്രൈവറ്റ് ലിമിറ്റഡ് ടെലികാസ്റ്റിംഗ് ലൈസന്‍സ് കൈമാറിയിട്ടുണ്ടോ എന്നത് സംബന്ധിച്ച് അവ്യക്തയുണ്ട്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കാന്‍ പുതിയ ഉടമസ്ഥരോട് കോര്‍പറേറ്റ് മന്ത്രാലായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചത്.
ജീവനക്കാരുടെ ശമ്പളം, പിഎഫ് തുടങ്ങിയ ആനുകൂല്യങ്ങള്‍ സംബന്ധിച്ച പരാതിയില്‍ 137.50 ലക്ഷം രൂപ കുടിശിക വരുത്തിയതായി കേന്ദ്ര തൊഴില്‍ മന്ത്രാലയം കണ്ടെത്തി. കുടിശിക തിരിച്ചുപിടിക്കുന്നതിന് ഡിമാന്‍ഡ് നോട്ടീസ് നല്കുക, ബാങ്കുകള്‍ക്ക് നിരോധന ഉത്തരവ് നല്കുക, ജീവനക്കാരുടെ ശമ്പളം,പിഎഫ് എന്നിവ വിതരണം ചെയ്യുന്നതില്‍ വീഴ്ചവരുത്തിയ മുന്‍ എംഡി നികേഷ് കുമാറിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് കാണിച്ച് ഷോക്കോസ് നോട്ടീസ് നല്‍കുക എന്നീ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
ടെലികാസ്റ്റിംഗ് ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒരു അപേക്ഷയും നിലവിലെ റിപ്പോര്‍ട്ട് ചാനല്‍ കമ്പനിയുടെ അധികൃതര്‍ തന്നിട്ടില്ലെന്നു കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം അറിയിച്ചു. ചാനലുമായി ബന്ധപ്പെട്ട ഉടമസ്ഥാവകാശം കൈമാറിയതായാണ് രജിസ്ട്രാര്‍ ഓഫ് കമ്പനീസിനെ അറിയിച്ചിരിക്കുന്നത്. ഇതിന്റെ വിശദാംശങ്ങളും രേഖകളും കൈമാറാന്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് കമ്പനിക്ക് നിര്‍ദേശം നല്കിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചു. കണ്ണൂര്‍ എംപി കൂടിയായ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ നക്ഷത്രചിഹ്നമുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് മന്ത്രലായങ്ങള്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.