പത്തനംതിട്ട: ഭര്‍ത്താവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് മൊഴി നല്‍കിയ അഫ്‌സാനയെ കസ്റ്റഡിയില്‍ വാങ്ങില്ലെന്ന് പൊലീസ്. ഒന്നരവര്‍ഷം മുമ്പ് കാണാതായ നൗഷാദിനെ കൊലപ്പെടുത്തിയെന്ന അഫ്‌സാനയുടെ മൊഴി പൊലീസിനെ വട്ടംതിരിച്ചിരുന്നു. പിന്നീട് നൗഷാദിനെ തൊടുപുഴയില്‍ കണ്ടെത്തിയതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്.നിലവിലെ സാഹചര്യത്തില്‍ അഫ്‌സാനയുടെ പേരില്‍ കബളിപ്പിക്കല്‍ കേസ് നിലനിര്‍ത്താനാണ് പൊലീസ് തീരുമാനം. കൊലപാതക കേസ് ഒഴിവാക്കാന്‍ പൊലീസ് കോടതിയെ സമീപിക്കും.
പരുത്തിപ്പാറയില്‍ നിന്ന് നൗഷാദിനെ കാണാതായെന്ന് ഇയാളുടെ അച്ഛന്‍ പാടം വണ്ടണി പടിഞ്ഞാറ്റേതില്‍ സുബൈര്‍ 2021 നവംബര്‍ അഞ്ചിനാണ് കൂടല്‍ പൊലീസില്‍ പരാതി നല്‍കിയത്. അന്ന് പൊലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല.ഇതിനിടയില്‍ നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് അഫ്‌സാന മൊഴി നല്‍കുകയായിരുന്നു. ഈ മൊഴി വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. മൃതദേഹം ആറ്റിലെറിഞ്ഞെന്ന് പിന്നീട് മൊഴി മാറ്റി പറയുകയും ചെയ്തിരുന്നു അഫ്‌സാന. ഈ മൊഴിക്ക് മേല്‍ അന്വേഷണം നടത്തുന്നതിനിടെയാണ് നൗഷാദിനെ തൊടുപുഴയില്‍ നിന്ന് കണ്ടെത്തിയത്.അതേസമയം അഫ്‌സാനയുടെ മൊഴിയില്‍ പൊലീസ് നടത്തിയ പരിശോധനക്കിടെയുണ്ടായ നാശനഷ്ടത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് വീട്ടുടമയായ ബിജു രംഗത്തെത്തി. തന്റെ അടുക്കള മുഴുവന്‍ പൊളിച്ച് ഇട്ടിരിക്കുകയാണ്. ജനലും കതകും അടിച്ച് പൊളിച്ചിട്ടുണ്ട്. 50000 രൂപയുടെ നഷ്ടവും സംഭവിച്ചിട്ടുണ്ട്. നഷ്ടപരിഹാരം നല്‍കാത്ത സാഹചര്യത്തില്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്നും ബിജു പറഞ്ഞു.