ന്യൂഡല്‍ഹി: മണിപ്പൂരിലേക്ക് നാളെ സാന്ത്വന സന്ദേശവുമായി പോവുന്ന പ്രതിപക്ഷ സഖ്യത്തില്‍ നാല് മലയാളി എംപിമാര്‍. സിപിഐഎം, മുസ്ലിം ലീഗ്, സിപിഐ, ആര്‍എസ്പി പാര്‍ട്ടികളിലെ എ എ റഹീം, ഇ ടി മുഹമ്മദ് ബഷീര്‍, പി സന്തോഷ് ,എന്‍ കെ പ്രേമചന്ദ്രന്‍ എന്നിവരാണ് കേരളത്തില്‍ നിന്നുള്ള എംപിമാര്‍. മൂന്നുമാസമായിട്ടും കലാപം തുടരുന്ന സംസ്ഥാനത്തെ സാഹചര്യങ്ങള്‍ നേരിട്ടു മനസ്സിലാക്കാനും അതിക്രമങ്ങള്‍ നേരിടുന്ന ജനതയെ സാന്ത്വനിപ്പിക്കുന്നതിനുമാണ് പ്രതിപക്ഷ സംഘത്തിന്റെ യാത്ര.
‘ഇന്ത്യ സഖ്യത്തിലെ എംപിമാരുടെ സംഘം ജൂലൈ 29, 30 തീയതികളില്‍ മണിപ്പൂര്‍ സന്ദര്‍ശിക്കും. 20ലധികം എംപിമാര്‍ സംഘത്തിലുണ്ടാകും. എംപിമാരില്ലാത്ത പാര്‍ട്ടികള്‍ മറ്റ് പ്രതിനിധികളെ അയയ്ക്കും,’ കോണ്‍ഗ്രസ് നേതാവ് മാണിക്കം ടാഗോര്‍ പറഞ്ഞു. വംശീയ സംഘര്‍ഷങ്ങളാല്‍ വലയുന്ന സംസ്ഥാനത്തേക്കുള്ള ഇന്ത്യന്‍ സഖ്യത്തിന്റെ ആദ്യ പ്രതിനിധി സംഘമായിരിക്കും ഇത്.
അധിർ രഞ്ജൻ ചൗധരി -കോൺഗ്രസ്, ലാലൻ സിങ് -ജനതാദൾ (യു), സുസ്മിത ദേവ് -തൃണമൂൽ കോൺഗ്രസ്, കനിമൊഴി -ഡിഎംകെ, എ എ റഹിം -സിപിഎം, ഇ ടി മുഹമ്മദ് ബഷീർ, മുസ്ലിം ലീഗ്, മനോജ് ഝാ -ആർജെഡി, ജാവേദ് അലിഖാൻ -സമാജ്വാദി പാർട്ടി, പി സന്തോഷ് കുമാർ -സിപിഐ, മഹുവ മാജി -ജെഎംഎം, മുഹമ്മദ് ഫൈസൽ -എൻസിപി, എൻ കെ പ്രേമചന്ദ്രൻ -ആർഎസ്പി, സുശീൽ ഗുപ്ത -ആം ആദ്മി പാർട്ടി, അരവിന്ദ് സാവന്ത് -ശിവസേന, തിരുമാവളവൻ -വിസികെ, ജയന്ത് ചൗധരി -ആർഎൽഡി എന്നിവരാണ് സംഘത്തിൽ.
നേരത്തെ മുഖ്യമന്ത്രിമാരുടെ സംഘം സംസ്ഥാനം സന്ദര്‍ശിക്കുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നു.
‘പ്രതിനിധി സംഘം സംസ്ഥാനത്തെ താഴ്വരയിലെയും മലയോര മേഖലയിലെയും ആളുകളെ കാണും. ‘ഇന്ത്യ’ന്‍ പ്രതിനിധി സംഘം മണിപ്പൂരില്‍ താമസിക്കുന്ന വിവിധ സമുദായങ്ങളെ കാണുകയും ചില ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയും ചെയ്യും,’ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറക് ഒബ്രിയാന്‍ പറഞ്ഞു.