ചിക്കൻ ഫ്രൈക്ക് ഉപ്പ് ഇല്ലെന്ന് എന്നാരോപിച്ച് കൊല്ലത്ത് സംഘർഷം. ഭക്ഷണം കഴിക്കാൻ എത്തിയ തമിഴ്നാട് സ്വദേശികളും ഹോട്ടൽ ജീവനക്കാരും തമ്മിലുള്ള അടിപിടി കത്തിക്കുത്തിലാണ് കലാശിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിൽ കൊല്ലത്തെ മാമൂട് പ്രവർത്തിക്കുന്ന കുറ്റിയിൽ ഹോട്ടലിലാണ് ആക്രമണം നടന്നത്.
കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. തമിഴ്നാട്ടിൽ നിന്ന് ചക്ക ശേഖരിക്കാൻ എത്തിയ സംഘം ഭക്ഷണം കഴിക്കാൻ കൊല്ലത്തെ ഹോട്ടലിൽ എത്തുകയും ഭക്ഷണം ഓഡർ ചെയ്ത് കഴിക്കുകയും ചെയ്തു. എന്നാൽ കഴിച്ച ചിക്കൻ ഫ്രൈയ്ക്ക് ഉപ്പ് ഇല്ലെന്ന് പരാതി പറഞ്ഞ സംഘം ജീവനക്കാരോട് കയർക്കുകയും, തെറി വിളിക്കുകയും ചെയ്തു. മറ്റാരും പരാതി പറഞ്ഞില്ലെന്ന് ജീവനക്കാർ പറഞ്ഞതോടെ ഇരുകൂട്ടരും തമ്മിൽ വാക്ക് തർക്കമുണ്ടായി.
തുടർന്ന് കടയിൽ നിന്ന് ഇറങ്ങിപോയ തമിഴ്നാട് സംഘം മറ്റു രണ്ടുപേരുമായി തിരിച്ചെത്തി ഹോട്ടലിലെ തൊഴിലാളിയെ മർദിക്കുകയും കുത്തുകയും ചെയ്യുകയായിരുന്നു. ഹോട്ടലിലെ മറ്റ് തൊഴിലാളികൾ അറിയിച്ചതിനെ തുടർന്ന് ഹോട്ടലൽ ഉടമയും മക്കളും സ്ഥലത്ത് എത്തിയെങ്കിലും അക്രമം ചെറുക്കാൻ കഴിഞ്ഞില്ല . ആക്രമികൾ ഹോട്ടൽ ഉടമയുടെ രണ്ട് മക്കളേയും കുത്തി വീഴ്ത്തി. പിന്നീട് ഹോട്ടലിൽ ഉണ്ടായിരുന്ന തൊഴിലാളികൾ ഉൾപ്പടെയുള്ളവർ ചേർന്ന് ആക്രമികളെ കീഴ്പ്പെടുത്തുകയും മർദിക്കുകയും ചെയ്തു. മർദ്ദനത്തിൽ ഇരുകൂട്ടർക്കും പരിക്കേറ്റു.തമിഴ്നാട് സ്വദേശികളെ പാരിപ്പളളി മെഡിക്കൽകോളേജിലേക്കും, ഹോട്ടൽ ഉടമയുടെ മക്കളെയും ജീവനക്കാരനെയും കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. കുണ്ടറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.