തിരുവനന്തപുരം : കെപിസിസി ട്രഷറര്‍ വി.പ്രതാപചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് കെപിസിസി നിയോഗിച്ച അന്വേഷണ കമ്മിഷന്‍ റിപ്പോർട്ട് സമർപ്പിച്ചു. കെപിസിസി ജനറൽ സെക്രട്ടറിമാരായ മരിയാപുരം ശ്രീകുമാറും സുബോധനുമായിരുന്നു കമ്മിറ്റി അംഗങ്ങൾ. കെപിസിസി ട്രഷറര്‍ വി.പ്രതാപചന്ദ്രന്റെ മരണം മാനസിക സമ്മർദം മൂലമാണെന്ന് മകൻ കെപിസിസി നേതൃത്വത്തിനു പരാതി നൽകിയതിനെ തുടർന്നാണ് അന്വേഷണ കമ്മിഷനെ നിയോഗിച്ചത്.
ട്രഷറര്‍ക്ക് യാതൊരു വിധ മാനസിക സമ്മര്‍ദവും ഉണ്ടായിട്ടില്ലെന്ന് കമ്മിഷൻ കണ്ടെത്തി. സമൂഹമാധ്യമങ്ങളില്‍ ട്രഷറര്‍ക്കെതിരായി വന്ന വാര്‍ത്തകൾക്ക് അദ്ദേഹവുമായി അടുപ്പമുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകരായ രമേശിനോ പ്രമോദിനോ ഒരു പങ്കുമില്ല. ട്രഷറര്‍ക്ക് പ്രസ്തുത വ്യക്തികളുമായി ഒരു സാമ്പത്തികബന്ധവും ഇല്ല. മകന് ഈ വ്യക്തികളെക്കുറിച്ച് യാതൊരു മുന്നറിവും ഇല്ല.
ജീവിച്ചിരിക്കേ പ്രതാപചന്ദ്രന്‍ പാര്‍ട്ടിയോട് ഇവരെക്കുറിച്ച് പരാതി പറഞ്ഞിട്ടില്ല. ചില വ്യക്തികളുടെ പ്രേരണയിലാണ് മകന്‍ പരാതി നല്‍കിയതെന്നും കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നു. ഓഫിസ് ജീവനക്കാര്‍, ട്രഷററുടെ സുഹൃത്തുക്കള്‍, അയല്‍വാസികള്‍, പാര്‍ട്ടി ഭാരവാഹികള്‍, പരാതിക്കാരന്‍, ആരോപണവിധേയര്‍ എന്നിവരില്‍നിന്നും കമ്മിഷൻ വിശദമായ മൊഴിയെടുത്തു. ലഭ്യമായ ഡിജിറ്റല്‍ തെളിവുകളും ശേഖരിച്ചു.