പാലക്കാട്: വടക്കഞ്ചേരിയിൽ സഹകാർ ഭാരതിയുടെ കീഴിലുള്ള സമൃദ്ധി സ്റ്റോറിനായി ഓഹരി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്തതായി പരാതി. ഇരുന്നൂറോളം പേരിൽ നിന്ന് ആയിരം മുതൽ മുപ്പതിനായിരം രൂപ വരെ പിരിച്ചെടുത്തതായി നിക്ഷേപകർ പറയുന്നു. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്നും ഓഹരി സർട്ടിഫിക്കറ്റുകൾ ഉടൻ നൽകുമെന്നും സഹകാർഭാരതി പ്രതിനിധികൾ പറഞ്ഞു.
ആർഎസ്എഎസിന്റെ സഹകരണ വിഭാഗമാണ് സഹകാർ ഭാരതി. സഹകാർ ഭാരതിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ഗ്രാമീൺ സമൃദ്ധി ചാരിറ്റബിൾ സൊസൈറ്റിയാണ് വടക്കഞ്ചേരിയിൽ 5 വർഷം മുമ്പ് സമൃദ്ധി സ്റ്റോർ തുടങ്ങിയത്. നിരവധി പേരിൽ നിന്നായി ലക്ഷക്കണക്കിന് രൂപ പിരിച്ചെടുത്തിട്ടും പലർക്കും ഓഹരി സർട്ടിഫിക്കറ്റുകൾ ലഭിച്ചില്ല. വർഷങ്ങളായിട്ടും മുടക്കിയ തുകയുമില്ല. ലാഭവിഹിതവുമില്ല. ഒരു മാസമായി സമൃദ്ധി സ്റ്റോർ അടഞ്ഞുകിടപ്പാണ്.
സമൃദ്ധി സ്റ്റോറിനായി നൽകിയ പണം തിരിച്ചു കിട്ടാൻ നടപടി വേണമെന്നാവശ്യപ്പട്ട് നിരവധി പേർ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. പരാതിയെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. എന്നാൽ പണം വാങ്ങി തട്ടിപ്പ് നടത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് സഹകാർ ഭാരതി പ്രതിനിധികൾ വ്യക്തമാക്കി.