ഡൽഹി: ലോകകപ്പ് ക്രിക്കറ്റിൻ്റെ ടിക്കറ്റ് വിൽപ്പന ഓഗസ്റ്റ് 10 മുതൽ ആരംഭിക്കാൻ ബിസിസിഐ പദ്ധതിയിടുന്നു. മത്സരങ്ങൾക്ക് വേദിയാകുന്ന ക്രിക്കറ്റ് ബോർഡുകളോട് ജൂലെെ 31 ന് മുമ്പായി ടിക്കറ്റ് വില അറിയിക്കാൻ ബിസിസിഐ അറിയിച്ചിട്ടുണ്ട്. ഡൽഹിയിൽ ചേർന്ന സംസ്ഥാന ക്രിക്കറ്റ് ബോർഡുകളുടെ യോഗത്തിൽ ടിക്കറ്റ് വിൽപ്പന ഉടൻ ആരംഭിക്കണമെന്ന് ബിസിസിഐ അറിയിച്ചു.
കാണികൾക്ക് ഇ-ടിക്കറ്റ് സൗകര്യം ഉണ്ടാകില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ്ഷാ പറഞ്ഞു. വലിയ കായിക മാമാങ്കങ്ങൾക്ക് ഇ-ടിക്കറ്റ് സൗകര്യങ്ങൾ നൽകാൻ കഴിയില്ല. കാണികൾ പേപ്പർ ടിക്കറ്റ് ഹാജരാക്കണമെന്നും ജയ്ഷാ വ്യക്തമാക്കി. ഓരോ വേദിയ്ക്കും ഏഴോ എട്ടോ വ്യത്യസ്ത സ്ഥലങ്ങളിൽ ടിക്കറ്റ് വിൽപ്പന ഉണ്ടാകും. തിരക്ക് ഒഴിവാക്കി ടിക്കറ്റ് വിൽപ്പന നടത്താൻ കഴിയുമെന്നും ബിസിസിഐ പ്രതീക്ഷ പ്രകടിപ്പിച്ചു.
അതിനിടെ ലോകകപ്പിലെ ചില മത്സരങ്ങളുടെ ക്രമത്തിൽ മാറ്റം വരുത്തണമെന്ന് സംസ്ഥാന ക്രിക്കറ്റ് ബോർഡുകൾ ഐസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമാകുമെന്ന് ബിസിസിഐ സെക്രട്ടറി അറിയിച്ചു. മത്സരം നടത്തുന്ന തിയതിൽ മാത്രമെ മാറ്റം ഉണ്ടാകുവെന്നാണ് ബിസിസിഐ നൽകുന്ന സൂചന. വേദികളിൽ മാറ്റം ഉണ്ടാകില്ല. ഒക്ടോബർ അഞ്ചിനാണ് ഇന്ത്യയിൽ ലോകകപ്പിന് തുടക്കമാകുക.