വാഷിങ്ടൻ : 2024ൽ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാനുള്ളവരുടെ പട്ടികയിലേക്ക് ഒരു ഇന്ത്യൻ വംശജൻ കൂടി. ഇന്ത്യൻ–അമേരിക്കൻ എൻജിനീയറായ ഹിർഷ് വർധൻ സിങ്ങാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥിയാകാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഇന്ത്യൻ വംശജരായ നിക്കി ഹേലി, വിവേക് രാമസ്വാമി എന്നിവരാണ് ഇതിനു മുൻപ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചവർ. ഇരുവരും റിപ്പബ്ലിക്കൻ പാർട്ടിക്കാരാണ്.
ന്യൂജഴ്സിയിൽനിന്നുള്ള നേതാവാണ് 38 വയസ്സുകാരനായ ഹിർഷ് വർധൻ സിങ്. താൻ ആജീവനാന്തം റിപ്പബ്ലിക്കനായിരിക്കുമെന്ന് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ഹിർഷ് വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സംഭവിച്ച മാറ്റങ്ങളും അമേരിക്കൻ മൂല്യങ്ങളും പുനഃസ്ഥാപിക്കുന്നതിനും ശക്തമായ നേതൃത്വം ആവശ്യമാണെന്നും അതുകൊണ്ടാണ് 2024ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ നോമിനേഷൻ തേടാൻ തീരുമാനിച്ചതെന്നും ഹിർഷ് പറഞ്ഞു.
വ്യാഴാഴ്ച അദ്ദേഹം ഫെഡറൽ ഇലക്‌ഷൻ കമ്മിഷനിൽ ഔദ്യോഗികമായി സ്ഥാനാർഥിത്വം സമർപ്പിച്ചതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെ പന്ത്രണ്ടോളം മത്സരാർഥികളാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥിത്വത്തിനായി പോരാടുന്നത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നതിനുള്ള ദേശീയ കൺവെൻഷൻ 2024 ജൂലൈ 15 മുതൽ 18 വരെ വിസ്കോൺസിനിലെ മിൽവാക്കിയിൽ നടക്കും.
സ്ഥാനാർഥി പട്ടികയിലുള്ള വിവേക് രാമസ്വാമി കേരളത്തിൽ വേരുകളുള്ളയാളാണ്. പാലക്കാട് വടക്കഞ്ചേരി ബാലവിഹാറിൽ സി.ആർ.ഗണപതി അയ്യരുടെ മകനായ വി.ജി.രാമസ്വാമിയാണു വിവേകിന്റെ അച്ഛൻ. തൃപ്പൂണിത്തുറ സ്വദേശിയാണ് അമ്മ ഗീത രാമസ്വാമി.