Wednesday, October 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsവക്കം പുരുഷോത്തമൻ അന്തരിച്ചു

വക്കം പുരുഷോത്തമൻ അന്തരിച്ചു

തിരുവനന്തപുരം : മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഗവർണറുമായ വക്കം പുരുഷോത്തമൻ (95) അന്തരിച്ചു. കുമാരപുരത്തെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് വക്കത്ത്. 3 തവണ സംസ്ഥാന മന്ത്രിസഭയിലും 2 തവണ ലോക്സഭയിലും അംഗമായിരുന്ന വക്കം ആൻഡമാനിലും മിസോറമിലും ത്രിപുരയിലും ഗവർണറായി. 5 തവണ നിയമസഭാംഗമായിരുന്നു. 2 തവണകളിലായി ഏറ്റവുമധികം കാലം നിയമസഭാ സ്പീക്കറായിരുന്നുവെന്ന റെക്കോർ‌ഡും വക്കത്തിന്റെ പേരിലാണ്. കർഷക തൊഴിലാളി നിയമത്തിനും ചുമട്ടുതൊഴിലാളി നിയമത്തിനും രൂപം നൽകിയതും ഏലാ പ്രോഗ്രാം, സ്കൂൾ ഹെൽത്ത് കാർഡ്, റഫറൽ ആശുപത്രി സമ്പ്രദായം തുടങ്ങിയവ നടപ്പിലാക്കിയതും സർക്കാരിന്റെ സംസ്ഥാനതല ഓണാഘോഷത്തിന് തുടക്കം കുറിച്ചതും വക്കം പുരുഷോത്തമനാണ്.

1928 ഏപ്രിൽ 12 ന് വക്കം കടവിളാകത്തു വീട്ടിൽ കെ. ഭാനുപ്പണിക്കരുടെയും ഭവാനിയുടെയും മകനായി ജനിച്ച പുരുഷോത്തമൻ 1946 ൽ വിദ്യാർഥി കോൺഗ്രസിലൂടെയാണ് പൊതുപ്രവർത്തനരംഗത്തെത്തിയത്. 1952 ൽ ആദ്യ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ആർഎസ്പി സ്ഥാനാർഥിയായി മത്സരിച്ച് വക്കം പഞ്ചായത്ത് അംഗമായി. 1956 ൽ ഹൈക്കോടതി ബഞ്ചിനുവേണ്ടിയുള്ള പ്രക്ഷോഭത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽനിന്നു ബിരുദവും അലിഗഡ് സർവകലാശാലയിൽനിന്ന് എംഎയും എൽഎൽബിയും പാസായശേഷം തിരുവനന്തപുരത്ത് അഭിഭാഷകനായി ജോലി ചെയ്യുന്നതിനിടെ ആർ.ശങ്കറിന്റെ നിർബന്ധം കാരണമാണ് വീണ്ടും സജീവ രാഷ്ട്രീയത്തിലെത്തിയത്.

1967 ലും 1969 ലും നിയമസഭയിലേക്കു മത്സരിച്ച വക്കം പരാജയപ്പെട്ടു. 1970 ൽ ആറ്റിങ്ങലിൽ കാട്ടായിക്കോണം ശ്രീധറിനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലേക്കുള്ള ആദ്യ വിജയം നേടിയത്. 1971 മുതൽ 1977 വരെ അച്യുതമേനോൻ മന്ത്രിസഭയിൽ കൃഷി, തൊഴിൽ വകുപ്പുകളുടെ മന്ത്രിയായി. അക്കാലത്താണ് കർഷക തൊഴിലാളി നിയമത്തിനും ചുമട്ടുതൊഴിലാളി നിയമത്തിനും രൂപം നൽകിയത്. അഞ്ചുവർഷം നിയമമന്ത്രിയുടെ ചുമതലയും വഹിച്ചു.

1977,1980,1982 നിയമസഭാ തിരഞ്ഞെടുപ്പുകളിലും ആറ്റിങ്ങലിൽനിന്നു വിജയിച്ചു. 1980 ൽ ഇ.കെ.നായനാർ മന്ത്രസഭയിൽ ആരോഗ്യം, ടൂറിസം വകുപ്പുകളുടെ മന്ത്രിയായി. 1996 ൽ ആനത്തലവട്ടം ആനന്ദനോടു പരാജയപ്പെട്ടെങ്കിലും 2001ൽ കടകംപള്ളി സുരേന്ദ്രനെ തോൽപിച്ച് വീണ്ടും നിയമസഭയിലെത്തി. 2004 ലെ ആദ്യ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ധന, എക്സൈസ്, ലോട്ടറി വകുപ്പുകളുടെ ചുമതല ലഭിച്ചു. 1982–84, 2001–2004 കാലത്ത് നിയമസഭാ സ്പീക്കറായിരുന്നു.

1984 ൽ സ്പീക്കർ സ്ഥാനം രാജിവച്ചാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽ‌സരിക്കാനിറങ്ങിയത്. ആലപ്പുഴയിലെ കന്നിമൽസരത്തിൽ സുശീലാ ഗോപാലനെ പരാജയപ്പെടുത്തി പാർലമെന്റിൽ എത്തി. 89 ൽ‍ വിജയം ആവർ‌ത്തിച്ചെങ്കിലും 91 ൽ ടി.ജെ.ആഞ്ചലോസിനോടു പരാജയപ്പെട്ടു. എംപിയായിരിക്കെ മൂന്നു വർഷം പബ്ളിക് അണ്ടർടേക്കിങ് കമ്മിറ്റി ചെയർമാനായിരുന്നു. ലോക്സഭാംഗമായിരുന്ന കാലം മുഴുവൻ അദ്ദേഹം സഭയുടെ പാനൽ ഓഫ് ചെയർമാനിൽ ഉൾപ്പെട്ടിരുന്നു.

1993 ൽ ആൻഡമാൻ നിക്കോബാർ ദ്വീപിന്റെ ലഫ്റ്റനന്റ് ഗവർണറായി ചുമതലയേറ്റു. 2011 മുതൽ 2014 വരെ മിസോറം ഗവർണറായിരുന്നു. 2014 ൽ ത്രിപുര ഗവർണറുടെ ചുമതലയും വഹിച്ചിരുന്നു. തിരുവനന്തപുരം ഡിസിസി പ്രസിഡന്റായും കെപിസിസി ജനറൽ സെക്രട്ടറിയായും കെപിസിസി വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. 25 വർഷം എഐസിസി അംഗമായിരുന്നു. കേരളാ യൂണിവേഴ്സിറ്റി സെനറ്റ് അംഗം, സിൻഡിക്കറ്റ് അംഗം തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.‌

‌ഭാര്യ: മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറായിരുന്ന ഡോ.ലില്ലി. മക്കൾ: ബിനു, ബിന്ദു, പരേതനായ ബിജു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments