മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ കളിയാരാധകർ ഉറ്റുനോക്കുന്ന ഇന്ത്യ–പാകിസ്താൻ മത്സരം ഒക്ടോബർ 14ലേക്ക് മാറ്റി. അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഒക്ടോബർ 15ന് മത്സരം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, 15ന് നവരാത്രി ആഘോഷങ്ങള്‍ ആരംഭിക്കുന്നതിനാൽ മതിയായ സുരക്ഷ ഒരുക്കുന്നതിലെ പ്രയാസം ബി.സി.സി.ഐയെ അഹ്മദാബാദ് പൊലീസ് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. മറ്റുചില മത്സരങ്ങളിലും മാറ്റമുണ്ടായേക്കും
സമയക്രമം പുനഃപരിശോധിക്കാൻ ജൂലൈ 27ന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായുടെ നേതൃത്വത്തില്‍ യോഗം ചേർന്നിരുന്നു. മത്സരങ്ങൾക്കിടയിലുള്ള ഇടവേള കുറവാണെന്ന് ചൂണ്ടിക്കാട്ടി മൂന്ന് ടീമുകൾ മത്സരക്രമത്തിൽ മാറ്റം ആവശ്യപ്പെട്ടതായും ഇതിന്റെ അടിസ്ഥാനത്തിലുള്ള മാറ്റം ഉടനുണ്ടാകുമെന്നും ജയ് ഷാ പറഞ്ഞിരുന്നു. അതേസമയം, മത്സരങ്ങളുടെ തീയതിയിലും സമയത്തിലും മാത്രമേ മാറ്റമുണ്ടാവൂവെന്നും വേദി മാറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലെ സമയക്രമ പ്രകാരം ഒക്ടോബർ 14ന് രണ്ട് മത്സരങ്ങളാണുള്ളത് -ന്യൂസിലൻഡ്–ബംഗ്ലാദേശ് മത്സരവും ഇംഗ്ലണ്ട്–അഫ്ഗാനിസ്താൻ മത്സരവും.അതേസമയം, ഇന്ത്യ-പാക് മത്സര ദിവസം മാറ്റുന്നത് അന്നത്തേക്ക് യാത്രക്ക് ഒരുങ്ങിയവർക്ക് തിരിച്ചടിയാകും. പലരും വിമാന ടിക്കറ്റുകളും ഹോട്ടലുകളുമെല്ലാം ബുക്ക് ചെയ്ത് കാത്തിരിക്കുകയായിരുന്നു. 2019ൽ ഇരു ടീമുകളും ലോകകപ്പിൽ അവസാനം ഏറ്റുമുട്ടിയപ്പോൾ ജയം ഇന്ത്യക്കൊപ്പമായിരുന്നു.