തിരുവനന്തപുരം : ഹ്രസ്വചിത്രങ്ങളുടെ പ്രകാശനവും തമിഴ്‌നാട് ഐടി, സാങ്കേതികവകുപ്പ് മന്ത്രി തിരു പളനിവേല്‍ ത്യാഗരാജനുമായി സംവാദവും സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് നാലിന് വൈകിട്ട് 6.45ന് തൈക്കാട് സൂര്യ ഗണേശം ബ്ലോക്ക് ബ്ലോക്‌സ് തിയറ്ററിലാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
ഗ്ലോബല്‍ ഇന്ത്യന്‍ ഇന്റലക്ച്വല്‍ ലീഡര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം മന്ത്രി തിരു പളനിവേല്‍ ത്യാഗരാജനും ചേയ്ഞ്ച് മേക്കര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഗോപിനാഥ് മുതുകാടിനും സമ്മാനിക്കും.
ഹരി നമ്പൂതിരി സംവിധാനം ചെയ്ത ലെറ്റ് അസ് ലൗ, ജോബി കൊടകര സംവിധാനം ചെയ്യുന്ന എല്‍ദോ എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. എല്‍ദോ അടക്കം നിരവധി ഹ്രസ്വചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ജോബി കൊടകര, പോള്‍ കറുകപ്പിള്ളിയും ഹരി നമ്പൂതിരിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സാമൂഹിക സേവകന്‍, ബിസിനസ്സ്മാന്‍, വ്‌ളോഗര്‍, മാധ്യമപ്രവര്‍ത്തകന്‍, നടന്‍ എന്നി നിലകളില്‍ ശ്രദ്ധേയനായ ഹരി നമ്പൂതിരി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലെറ്റ് അസ് ലൗ.
തിരു പളനിവേല്‍ മുഖ്യാതിഥിയായിരിക്കും. തുടര്‍ന്ന് അദ്ദേഹവുമായി സംവദിക്കുന്നതിനുള്ള അവസരവും ഉണ്ടായിരിക്കും. ഹരി നമ്പൂതിരി മോഡറേറ്ററായിരിക്കും.
മുന്‍ അംബാസിഡര്‍ ടി. പി. ശ്രീനിവാസന്‍, ഗോപിനാഥ് മുതുകാട്, പ്രവാസി കോണ്‍ക്ലേവ് പ്രസിഡന്റ് പോള്‍ കറുകപ്പിള്ളില്‍ എന്നിവര്‍ വിശിഷ്ഠാതിഥികളായിരിക്കും.
ഡിഫറന്റ് ആര്‍ട് സെന്ററിലെ ഉദിച്ചു വരുന്ന താരം എല്‍ദോ ഷോയുടെ മുഖ്യ ആകര്‍ഷണമാകും.
പിന്നണി ഗായിക ശരണ്യയുടെ ഗാനോപഹാരം, മിമിക്രി, സാന്റ് ആര്‍ട് കലാകാരന്‍ ശ്രീജിത്ത് പേരാമ്പ്രയുടെ കലാവിരുന്ന് എന്നിവയും അരങ്ങേറും. ഹ്രസ്വചിത്രങ്ങളിലെ പ്രമുഖരെ ചടങ്ങില്‍ ആദരിക്കും.
ഗ്ലോബല്‍ ഇന്ത്യന്‍ എഡിറ്റര്‍ ഇന്‍ ചീഫ് ഹരി നമ്പൂതിരി ഈ പരിപാടിയുടെ മുഖ്യ സംഘാടകനാണ്. ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് ചെയര്‍മാന്‍ ജെയിംസ് കൂടല്‍ പുരസ്‌കാര ജേതാക്കള്‍ക്ക് ആശംസകള്‍ അറിയിച്ചു.