Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'തമിഴ്നാട്ടിലെ എല്ലാ തിയറ്ററുകളിലും ജയിലര്‍ പ്രദര്‍ശിപ്പിക്കണം': തിയറ്റര്‍ ഉടമകളോട് ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്‍

‘തമിഴ്നാട്ടിലെ എല്ലാ തിയറ്ററുകളിലും ജയിലര്‍ പ്രദര്‍ശിപ്പിക്കണം’: തിയറ്റര്‍ ഉടമകളോട് ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്‍

ചെന്നൈ: രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രജനികാന്തിന്‍റെ സിനിമ തിയറ്ററുകളിലെത്തുകയാണ്. നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ജയിലര്‍ എന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് രജനി ആരാധകര്‍. തമിഴ്നാട്ടിലെ എല്ലാ തിയറ്ററുകളിലും ജയിലര്‍ റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് തമിഴ്നാട് ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്‍ തിയറ്റര്‍ ഉടമകള്‍ക്ക് നല്‍കിക്കഴിഞ്ഞു. ആഗസ്ത് 10നാണ് ജയിലര്‍ തിയറ്ററുകളിലെത്തുക.

തിയറ്റര്‍ ഉടമകള്‍ ഈ ആവശ്യം അംഗീകരിച്ചാല്‍ റിലീസിന്‍റെ ആദ്യ ദിവസം തന്നെ തമിഴ്നാട്ടിലെ എല്ലാ തിയറ്ററുകളിലും ജയിലറെത്തും. ചിത്രീകരണത്തിന്‍റെ ഓരോ ഘട്ടത്തിലും ജയിലര്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. തമന്നയുടെ ഡാന്‍സും സോഷ്യല്‍ മീഡിയയില്‍ തരംഗമായി. റിലീസിനു മുന്‍പേ ലഭിച്ച സ്വീകാര്യത ബോക്സ് ഓഫീസിലും തരംഗമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

രജനിക്കൊപ്പം മോഹന്‍ലാലെത്തുന്നു എന്നതിനാല്‍ മലയാളി പ്രേക്ഷകരും സിനിമയ്ക്കായി ഏറെ പ്രതീക്ഷയോടെ കാത്തിരിപ്പിലാണ്. ജാക്കി ഷ്രോഫ്, സുനില്‍, ശിവ രാജ്‍കുമാര്‍, തമന്ന, രമ്യ കൃഷ്ണന്‍, വസന്ത് രവി, യോഗി ബാബു തുടങ്ങി വന്‍ താരനിര തന്നെ സിനിമയിലുണ്ട്. ആക്ഷന്‍ കോമഡി ചിത്രമാണ് ജയിലര്‍. മുത്തുവേല്‍ പാണ്ഡ്യന്‍ എന്നാണ് രജനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.

അതിനിടെ ആഗസ്ത് 10നു തന്നെ ജയിലര്‍ എന്ന പേരില്‍ ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന മലയാള സിനിമയും തിയറ്ററുകളിലെത്തുന്നുണ്ട്. ജയിലര്‍ എന്ന പേരിനെ ചൊല്ലി ഇരു ചിത്രങ്ങളുടെയും നിര്‍മാതാക്കള്‍ തമ്മിലെ തര്‍ക്കം കോടതിയിലാണ്. തന്‍റെ സിനിമയ്ക്ക് കേരളത്തില്‍ തിയറ്ററുകള്‍ നിഷേധിക്കപ്പെട്ടെന്ന് സംവിധായകന്‍ സക്കീര്‍ മഠത്തില്‍ ആരോപിച്ചു. തമിഴ് സിനിമകളുടെ ആധിപത്യത്തിനിടയിൽ മലയാള സിനിമകള്‍ക്ക് ശ്വാസം മുട്ടുന്നുവെന്ന് സക്കീര്‍ മഠത്തില്‍ പറഞ്ഞു. താന്‍ തിയറ്റര്‍ നിഷേധത്തിനെതിരെ ഒറ്റയാള്‍ സമരം നടത്തുമെന്നും സംവിധായകന്‍ പ്രതികരിച്ചു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments