ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ കൂടിക്കാഴ്ചക്ക് സമയം അനുവദിക്കണമെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അഭ്യർഥന അംഗീകരിച്ച് രാഷ്ട്രപതി ദ്രൗപതി മുർമ്മു. ബുധനാഴ്ച 11.30ന് കൂടിക്കാഴ്ച നടത്താമെന്ന് മുർമ്മു വ്യക്തമാക്കി.മണിപ്പൂരിലെ സംഘർഷം പാർലമെന്റിന്റെ ഇരുസഭകളിലും സജീവമായി തന്നെ പ്രതിപക്ഷം ഉയർത്തുന്നതിനിടെയാണ് രാഷ്ട്രപതി കൂടിക്കാഴ്ചക്ക് സമയം നൽകിയിരിക്കുന്നത്. ജൂലൈ 20ന് പാർലമെന്റിന്റെ മൺസൂൺ സമ്മേളനം ആരംഭിച്ചത് മുതൽ മണിപ്പൂർ വിഷയത്തിൽ പാർലമെന്റ് പലതവണ സ്തംഭിച്ചിരുന്നു.
മണിപ്പൂർ സംഘർഷത്തിൽ രാഷ്ട്രപതിയുടെ ഇടപെടൽ ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ദ്രൗപതി മുർമ്മുവിനെ കാണുന്നത്. നേരത്തെ പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ ഇൻഡ്യയിലെ എം.പിമാർ മണിപ്പൂർ സന്ദർശിച്ചിരുന്നു. മണിപ്പൂർ കലാപം ബി.ജെ.പിയുടെ നേതൃത്വത്തിലാണ് നടക്കുന്നതെന്ന ആരോപണമാണ് പ്രതിപക്ഷം ഉയർത്തുന്നത്.