ഹൈദരാബാദ്: ബിആർഎസ് ആരുമായും സഖ്യത്തിനില്ലെന്ന് ചന്ദ്രശേഖർ റാവു വ്യക്തമാക്കി..എൻഡിഎയുമായോ ‘ഇന്ത്യ’ സഖ്യവുമായോ ചേർന്ന് പ്രവർത്തിക്കില്ല.സ്വതന്ത്രമായി നിൽക്കാൻ ബിആർഎസ്സിനാകും.രാജ്യത്ത് സമഗ്രമായ മാറ്റം കൊണ്ടുവരാൻ തങ്ങൾക്ക് സമാനമനസ്കരായ രാഷ്ട്രീയസുഹൃത്തുക്കളുണ്ടെന്ന് ചന്ദ്രശേഖർ റാവു പറഞ്ഞു.കോൺഗ്രസ് 50 വർഷം രാജ്യം ഭരിച്ചിട്ടെന്തുണ്ടായെന്നും അദ്ദേഹം ചോദിച്ചു.ഒരു മാറ്റത്തിനാണ് രാജ്യം ആഗ്രഹിക്കുന്നതെന്നും അതിന് ബിആർഎസ്സിന് കഴിയുമെന്നും കെസിആർ പറഞ്ഞു.
ശരദ് പവാറിനും അദ്ദേഹം പരോക്ഷ വിമർശനം ഉന്നയിച്ചു.പ്രതിപക്ഷ നേതൃനിരയിലെ നേതാക്കൾ ആദ്യം സ്വന്തം നിലപാടിനെക്കുറിച്ച് കൃത്യം ധാരണയുണ്ടാക്കണം.പുനെയിൽ ലോകമാന്യതിലക് പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൽകുന്ന വേദിയിൽ ശരദ് പവാർ എത്തിയത് വലിയ വിവാദമായിരുന്നു.പ്രതിപക്ഷ നേതൃസഖ്യത്തിലെ പ്രധാനനേതാക്കളിലൊരാളായ പവാർ ഈ വേദിയിലെത്തിയതിനെതിരെ വിമർശനമുയർന്നിരുന്നു.ബിആർഎസ് മഹാരാഷ്ട്രയിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനെതിരെ ശക്തമായ വിമർശനവുമായി ശരദ് പവാർ രംഗത്ത് വന്നിരുന്നു.