റേറ്റിങ് ഏജൻസിയായ ഫിച്ച് റേറ്റിങ് അമേരിക്കയുടെ ദീർഘകാല ക്രെഡിറ്റ് റേറ്റിങ് കുറച്ചത് മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം ഇന്ത്യൻ വിപണിക്കും തിരുത്തൽ നൽകി. ജാപ്പനീസ് വിപണി 2.27% വീണപ്പോൾ കൊറിയയുടെ കോസ്‌പി 1.90%വും ഹോങ്കോങ്ങിന്റെ ഹാങ്‌സെങ് സൂചിക 2.48%വും വീണു. ജർമൻ, ഫ്രഞ്ച്, ബ്രിട്ടീഷ് വിപണികളും 1%ൽ കൂടുതൽ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. അമേരിക്കൻ ഫ്യൂച്ചറുകളും നഷ്ടം തുടരുന്നു.
സകല സെക്ടറുകളും നഷ്ടം കുറിച്ച ഇന്ന് ബാങ്കിങ്, ഫിനാൻഷ്യൽ, ഐടി സെക്ടറുകളുടെ തകർച്ച ഇന്ത്യൻ വിപണിക്കും ഒരു ശതമാനത്തിൽ കൂടുതൽ വീഴ്ച നൽകി. എച്ച്ഡിഎഫ്സി ബാങ്കും, റിലയൻസും എസ്ബിഐയും, ആക്സിസ് ബാങ്കും, ടാറ്റ ഓഹരികളും വീണതും ഇന്ത്യയുടെ മുൻനിര സൂചികകളുടെ വീഴ്ചയിൽ നിർണായകമായി.
നിഫ്റ്റി & ബാങ്ക് നിഫ്റ്റി
ഇന്ന് 19423പോയിന്റ് വരെ വീണ ശേഷം 19526 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റിക്ക് 19460 പോയിന്റിലെയും 19400 പോയിന്റിലെയും പിന്തുണകൾ പ്രധാനമാണ്. 19700 പോയിന്റിലാണ് നിഫ്റ്റിയുടെ അടുത്ത പ്രധാന റെസിസ്റ്റൻസ്. അടുത്ത തിരുത്തൽ ഇന്ത്യൻ വിപണിയിൽ അവസരമാണ്.
ഇന്ന് 45000 പോയിന്റിന്റെ പിന്തുണ നഷ്ടമായ ശേഷം തിരികെ 44995 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ച ബാങ്ക് നിഫ്റ്റിക്ക് 44700, 44400 പോയിന്റുകളിലെ പിന്തുണ നിർണായകമാണ്. 45450 പോയിന്റിലാണ് ബാങ്ക് നിഫ്റ്റിയുടെ അടുത്ത പ്രധാന കടമ്പ.