അപകീർത്തി കേസിൽ മാപ്പു പറയില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സുപ്രിംകോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലായിരുന്നു നിലപാട് വ്യക്തമാക്കിയത്. പരാതിക്കാരനായ ഗുജറാത്തിലെ ബിജെപി എംഎൽഎ പൂര്‍ണേഷ് മോദിക്കെതിരെ ഗുരുതര ആരോപണവും ഉന്നയിച്ചു.
പരാതിക്കാരൻ നിയമത്തെ ദുരുപയോഗം ചെയ്യുന്നു, തന്നെ മാപ്പ് പറയാനായി നിർബന്ധിക്കുന്നു എന്നതടക്കമുള്ള കാര്യങ്ങൾ രാഹുൽ, സുപ്രിം കോടതിയെ അറിയിച്ചിട്ടുണ്ട്. മാത്രമല്ല കീഴ്കോടതി വിധികൾക്കെതിരെയും എതിർ സത്യവാങ്മൂലത്തിൽ രാഹുൽ വിമർശനം ഉന്നയിച്ചു. കീഴ്കോടതി നടപടികൾ മുൻക്കാല സുപ്രിം കോടതി വിധികൾക്ക് വിരുദ്ധമെന്നാണ് രാഹുൽ ചൂണ്ടിക്കാട്ടിയത്. കേസ് പരിഗണിക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് രാഹുൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.
‘മോദി’ പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജിയിൽ സുപ്രിംകോടതി നോട്ടിസയച്ചിരുന്നു. വിശദമായ മറുവാദം കൂടി കേൾക്കണമെന്ന് വ്യക്തമാക്കിയാണ് നോട്ടിസ് അയച്ചത്. രാഹുലിന്റെ സ്റ്റേ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണു സുപ്രിംകോടതിയിൽ അപ്പീൽ നൽകിയത്. അപകീർത്തിക്കേസിലെ പരാതിക്കാരനായ ബിജെപി എംഎൽഎ പൂർണേശ് മോദി നേരത്തെ തന്നെ തടസ്സ ഹർജി നൽകിയിരുന്നു.
2019ൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ ‘നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി… എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദി എന്നത് എന്തുകൊണ്ട്’ എന്ന രാഹുലിന്റെ പരാമർശമാണ് കേസിന് ആധാരം.