ആലപ്പുഴ: മണിപ്പുർ വിഷയത്തിൽ ബി.ജെ.പി.യെ വിമർശിച്ച് ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രസിദ്ധീകരണമായ ‘കുടുംബജ്യോതി’യും രംഗത്ത്. സഭാനേതൃത്വങ്ങൾ നേരത്തേതന്നെ കടുത്തവിമർശനം ഉന്നയിച്ചിരിക്കെ, കേന്ദ്രത്തിലെ ബി.ജെ.പി. സർക്കാരും കത്തോലിക്ക സഭയും തമ്മിലുള്ള ഭിന്നത പൂർണമായി.
റബ്ബർവില കിലോയ്ക്കു 300 രൂപയാക്കുന്ന കാര്യം ആലോചനയിലില്ലെന്നു കേന്ദ്രമന്ത്രി പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു. തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉന്നയിച്ച ഈ വിഷയത്തിലും അതോടെ തീരുമാനമായി. മണിപ്പുർ കലാപത്തോടെയാണ് ഇരുകൂട്ടരും തമ്മിലുള്ള ബന്ധം വഷളായത്. ഗോത്രങ്ങൾ തമ്മിലുള്ള സംഘർഷമാണെന്നും രാഷ്ട്രീയസ്വഭാവമില്ലെന്നും ആദ്യഘട്ടത്തിൽ പറഞ്ഞവർപോലും പിന്നീടു ശക്തമായി പ്രതികരിച്ചുതുടങ്ങി.
എറണാകുളം -അങ്കമാലി അതിരൂപത പ്രസിദ്ധീകരണമായ ‘സത്യദീപം’ രൂക്ഷ വിമർശനമാണ് ഒന്നാംപേജിലെ മുഖപ്രസംഗത്തിൽ ഉന്നയിച്ചത്. ഏറ്റവുമൊടുവിൽ ഭാരത കത്തോലിക്ക മെത്രാൻ സമിതി(സി.ബി.സി.ഐ.) മണിപ്പുർ സന്ദർശിക്കുകയും സ്ഥിതി നേരിട്ടു വിലയിരുത്തുകയും ചെയ്തു. കെ.സി.ബി.സി. നേരത്തേതന്നെ കേന്ദ്രത്തിലെയും മണിപ്പുരിലെയും സർക്കാരുകളെ വിമർശിച്ചിരുന്നു. വിവിധ രൂപതകളും ശക്തമായ നിലപാടെടുത്തു.