ഇടുക്കി: പിതാവിന്റെ പേരിലുള്ള ഇടുക്കി കഞ്ഞിക്കുഴി ‘ഉമ്മൻചാണ്ടി കോളനി’ നിവാസികളെ കാണാൻ മകൻ ചാണ്ടി ഉമ്മൻ എത്തി. പിതാവിനോട് കോളനി നിവാസികൾ കാട്ടിയ സ്നേഹത്തിന് വാക്കുകൾക്ക് അതീതമായ നന്ദിയാണ് ഉള്ളത് എന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ഉമ്മൻചാണ്ടിയുടെ പേരിലുള്ള കോളനിയിലെ താമസക്കാരെ നേരിൽ കാണാനുള്ള ആഗ്രഹം കൊണ്ടാണ് എത്തിയതെന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
കുടുംബബന്ധം എന്നത് എങ്ങനെ ആകണമെന്ന് പിതാവിന്റെ അന്ത്യയാത്ര തന്നെ പഠിപ്പിച്ചെന്നും ചാണ്ടി ഉമ്മൻ കോളനി നിവാസികളോട് പറഞ്ഞു . കോളനി നിവാസികളുടെ സ്നേഹത്തിനു വാക്കുകൾ കൊണ്ട് നന്ദി പറയുന്നതിൽ അർത്ഥമില്ലെന്നും ജീവിതാവസാനം വരെ കൂടെ ഉണ്ടാകുമെന്നും ചാണ്ടി ഉമ്മൻ കോളനിയിലെ താമസക്കാർക്ക് ഉറപ്പ് നൽകി
ഉമ്മൻചാണ്ടിയുടെ പ്രതിമ നിർമ്മിക്കണമെന്ന ആവശ്യത്തിന് പകരം ഇവിടെ വിദ്യാർത്ഥികൾക്ക് പഠിക്കുന്നതിന് ഒരു വിദ്യാലയം ആരംഭിക്കാൻ ആഗ്രഹമുണ്ടെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. നിരവധി കോളനി നിവാസികളും നാട്ടുകാരുമാണ് ചാണ്ടി ഉമ്മനെ സ്വീകരിക്കാൻ ഒത്തുചേർന്നത്. ആദിവാസിവിഭാഗത്തിൽ നിന്നുള്ള ഇവിടുത്തെ താമസക്കാർ ഉമ്മൻചാണ്ടിയുടെ വിയോഗ ശേഷമുള്ള ഏഴ് ദിവസം പ്രത്യേക പ്രാർത്ഥനാ ചടങ്ങുകൾ നടത്തിയിരുന്നു . പുതുപ്പള്ളിയിലെ കല്ലറയിൽ എത്തി പ്രത്യേക പ്രാർത്ഥനയും ഉമ്മൻചാണ്ടി കോളനി നിവാസികള്‍ നടത്തിയിരുന്നു.