തിരുവനന്തപുരം : കോളജ് പ്രിൻസിപ്പൽ നിയമനത്തിൽ സംസ്ഥാന സർക്കാരിനു തിരിച്ചടി. 43 അംഗ അന്തിമ പട്ടികയിൽനിന്നു നിയമനം നടത്തണമെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിർദേശം നൽകി. യോഗ്യതയുള്ളവരെ രണ്ടാഴ്ചയ്ക്കുള്ളിൽ താൽക്കാലികമായി നിയമിക്കണമെന്നാണ് ഉത്തരവ്.
സംസ്ഥാനത്തെ ഗവ.ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ പ്രിൻസിപ്പൽമാരായി നിയമിക്കേണ്ട 43 പേരുടെ പിഎസ്‍സി അംഗീകരിച്ച പട്ടിക കോളജ് വിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ചപ്പോൾ അതിനെ കരടു പട്ടികയായി പരിഗണിച്ചാൽ മതിയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു നിർദേശിച്ച കാര്യം പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ട്രൈബ്യൂണൽ വീണ്ടും നിർദേശം നൽകിയത്. ട്രൈബ്യൂണലിന്റെ നിർദേശം നടപ്പാക്കുമെന്ന് മന്ത്രി ബിന്ദു പറഞ്ഞു.
പിഎസ്‍സി അംഗീകരിച്ച 43 പേരുടെ പട്ടികയിൽനിന്ന് പ്രിൻസിപ്പൽ നിയമനം നടത്തണമെന്ന് ജൂൺ 30ന്റെ ഇടക്കാല വിധിയിൽ ട്രൈബ്യൂണൽ വ്യക്തമാക്കിയെങ്കിലും സർക്കാർ റിവ്യൂ പെറ്റീഷൻ നൽകുകയാണ് ചെയ്തത്. കഴിഞ്ഞ ജനുവരി 11ന് പ്രസിദ്ധീകരിച്ച 43 പേരുടെ പട്ടികയിൽ നിന്നു മാത്രമേ പ്രിൻസിപ്പൽ നിയമനം നടത്താവൂ എന്ന് കഴിഞ്ഞ 24ന് സർക്കാരിനു ട്രൈബ്യൂണൽ വീണ്ടും നിർദേശം നൽകിയിരുന്നു.
66 ഗവ. ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ 62 എണ്ണത്തിലാണു പ്രിൻസിപ്പൽമാർ ഇല്ലാത്തത്. നാലിടത്തേ സ്ഥിരം പ്രിൻസിപ്പൽമാർ ഉള്ളൂ. 2018 ജൂലൈ 18നു ശേഷം ഈ കോളജുകളിൽ പ്രിൻസിപ്പൽ നിയമനം നടത്തിയിട്ടില്ല. പ്രിൻസിപ്പൽമാരുടെ പ്രമോഷൻ തസ്തികയായ ഡപ്യൂട്ടി ഡയറക്ടർമാർ 5 പേരുള്ളതിൽ 4 തസ്തികയും ഒഴിഞ്ഞുകിടക്കുന്നു. ഇവർക്കു സ്ഥാനക്കയറ്റം നൽകേണ്ട അഡീഷനൽ ഡയറക്ടർ തസ്തികയിലും ആളില്ലാത്തതിനാൽ ഇൻചാർജ് ഭരണം ആണ്.