ന്യൂഡൽഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റുകളും കോൺഗ്രസ് നേടുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി കേരളത്തിലെ നേതാക്കൾ നടത്തിയ ചർച്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയാവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം അധികം വൈകാതെ ആരംഭിക്കും. സംസ്ഥാനത്തെ നിലവിലെ സ്ഥിതിയിൽ ജനങ്ങൾ അസ്വസ്ഥരാണെന്നും അദ്ദേഹം വ്യക്തമാക്കി. പാർലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട 15-ാമത്തെ യോഗമാണ് വ്യാഴാഴ്ച നടന്നതെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു.
കേരളത്തിലെ 20 സീറ്റുകൾ ജയിക്കാനാകുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. നേതാക്കളെല്ലാം ശുഭാപ്തിവിശ്വാസത്തിലാണ്. ഈ സ്ഥിതി വോട്ടാക്കി മാറ്റാനുള്ള പ്രചാരണം ആരംഭിക്കാനാണ് തീരുമാനം. പാര്‍ട്ടിക്ക് അകത്ത് പറയേണ്ട കാര്യങ്ങള്‍ പരസ്യ പ്രതികരണമായി മാറരുതെന്ന കര്‍ശന നിര്‍ദേശം നേതാക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. മുഴുവൻ നേതാക്കളും അഭിപ്രായ വ്യത്യാസങ്ങളെല്ലാം മറന്ന് ഒറ്റക്കെട്ടായി ജനങ്ങളെ സമീപിക്കുമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.